librarycouncil
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജിന്റെ നേതൃത്വത്തിൽ പുസ്തകസഞ്ചിയുമായി വീട്ടുമുറ്റത്തെത്തി പുസ്തകങ്ങൾ നൽകുന്നു. ലൈബ്രറി സെക്രട്ടറി എം.എസ്.ശ്രീധരൻ, കമ്മിറ്റി അംഗം ഷേഖ് മുഹമ്മദ് എന്നിവർ സമീപം

മൂവാറ്റുപുഴ: കൊവിഡിന്റെ ഇരുണ്ടകാലത്ത് വായനയുടെ പുതുവെളിച്ചം തെളിക്കുന്നതിനായി ഗ്രന്ഥശാല പ്രവർത്തകർ നഗരത്തിലും നാട്ടിൻപുറങ്ങളിലും പുസ്തകസഞ്ചിയുമായി വീട്ടുമുറ്റത്തേക്ക്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഗ്രന്ഥശാലകൾ പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ കഴിയാതായിരിക്കുകയാണ്. കൊവിഡിനെത്തുടർന്ന് വിദ്യാർത്ഥികളും മുതിർന്നവരും യുവാക്കളും വീട്ടമ്മമാരും വീട്ടകങ്ങളിൽതന്നെ കഴിയുകയാണ്. ഇവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ നൽകി വായനയുടെ ലോകത്തേക്ക് കൊണ്ടുവരികയെന്ന ദൗത്യമാണ് ഗ്രന്ഥശാല പ്രവർത്തകർ ഏറ്രെടുത്തിരിക്കുന്നത്. വീട്ടുമുറ്റത്ത് പുസ്തകങ്ങൾ എന്ന പദ്ധതി മൂവാറ്റുപുഴ താലൂക്കിലെ എല്ലാ ലൈബ്രറികളും ഏറ്റെടുത്തതോടെ ഗ്രന്ഥശാല പ്രവർത്തകർ പുസ്തക സഞ്ചിയുമായി വീടുകളിലെത്തുകയാണ്. കുട്ടികൾ മുതൽ വൃദ്ധ‌രായവർവരെ ഗ്രന്ഥശാല പ്രവർത്തകരെ വീട്ടുമുറ്റത്തേക്ക് സ്വാഗതം ചെയ്യുകയാണ്.

 സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം

മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിൽ 15 നേതൃസമിതികളിലായി 63 ഗ്രന്ഥശാലകളാണ് പ്രവർത്തിക്കുന്നത്. ഗ്രന്ഥശാലകളിലെ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ക്വാഡുകളായിട്ടാണ് പുസ്തകങ്ങളുമായി പുറപ്പെടുന്നത്. നൂറുകണക്കിന് പുസ്തകങ്ങളാണ് ഇതിനകം വീടുകളിലെത്തിച്ചത്. പാമ്പാക്കുട പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി.ടി. ഉലഹന്നാൻ മുതൽ പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് വരെയുള്ള നിരവധി റിട്ട. അദ്ധ്യാപകരും അക്ഷരസേനാീഗങ്ങളും ലൈബ്രറിയിലെ മറ്റുഭാരവാഹികളും പുസ്തകങ്ങളുമായി വായനക്കാരെ തേടിയെത്തുകയാണ്. വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് എഴുതുന്നതിനും വായനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. ഓരോഗ്രന്ഥശാലയും ആസ്വാദനക്കുറിപ്പ് ശേഖരിച്ചശേഷം വിവിധ വിഭാഗങ്ങളായി തിരിച്ച് പരിശോധിച്ചശേഷം ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.