കളമശേരി: 54 മാസത്തെ ശമ്പള കുടിശികയ്ക്കു വേണ്ടി ഫാക്ട് മാനേജുമെന്റിന്റെ കാരുണ്യം കാത്ത് 24 വർഷമായി അവകാശ പോരാട്ടം തുടരുകയാണ് വിരമിച്ച ജീവനക്കാർ. കേരള ഹൈക്കോടതിയുടെ സിംഗിൾ - ഡിവിഷൻ ബഞ്ചുകൾ മുൻ ജീവനക്കാർക്ക് തുക വേഗം വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ച് വിധിയെഴുതിയിട്ടും തീരുമാനം ത്രിശങ്കുവിലാണ്. 1997 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ പിരിഞ്ഞു പോയ 6000 ത്തോളം പേരുണ്ട് ശമ്പള കുടിശികയുടെ ഗുണഭോക്താക്കൾ. കുടിശികയ്ക്കു വേണ്ടി കാത്തിരുന്ന ആയിരത്തിലധികം പേർ മരണപ്പെട്ടു കഴിഞ്ഞു. പ്രായം 70 മുതൽ 84 വരെയുള്ളവരാണിവർ. ബഹു ഭൂരിപക്ഷത്തിനും പെൻഷനോ സമീപ കമ്പനികൾ നൽകുന്നതു പോലുള്ള ചികിത്സാ സൗകര്യങ്ങളോ ഇല്ല. കുറച്ചു പേർക്ക് നാമമാത്രമായ ഇ.പി.എഫ് പെൻഷനുണ്ട്.
ഫാക്ട് മൂന്നു വർഷം തുടർച്ചയായി 1490 കോടി 19 ലക്ഷം രൂപ നേടിയിട്ടും ശമ്പള കുടിശ്ശിക നൽകാൻ അമാന്തം കാണിക്കുന്നതെന്തിനാണെന്നാണ് ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ചോദിക്കുന്നത്.
അനാവശ്യമായ കാലതാമസം വരുത്തി ഇനിയും നീട്ടിക്കൊണ്ടു പോകാനുള്ള നിലപാടിൽ പ്രതിഷേധിച്ച് ജൂലായ് 15ന് അമ്പലമേടും , ഏലൂർ ഉദ്യോഗമണ്ഡലിലേയും ഫാക്ടിന്റെ വിവിധ ഗെയ്റ്റുകൾക്ക് മുന്നിലും, കോർപറേറ്റ് ഓഫീസിനു മുന്നിലും ധർമ്മസമരം തീരുമാനിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.സി.മാത്യു പറഞ്ഞു.