പെരുമ്പാവൂർ: കൊവിഡ് വ്യാപനം തീവ്രമായ മെയ് ആദ്യ വാരത്തിൽ പെരുമ്പാവൂരിൽ ആരംഭിച്ച സൗജന്യ കൊവിഡ് ആശുപത്രി പ്രവർത്തനം ഇന്ന് സമാപിക്കും. ഓക്‌സിജൻ ബെഡ് കിട്ടാതെ ജനങ്ങൾ പരിഭ്രാന്തരായ സാഹചര്യത്തിൽ മര വ്യവസായികളുടെ സൗഹൃദ കൂട്ടായ്മയും കോതമംഗലം പീസ് വാലിയും ചേർന്നാണ് കൊവിഡ് ആശുപത്രി സജ്ജീകരിച്ചത്. മുഴുവൻ സൗകര്യങ്ങളും നൽകി തണ്ടേക്കാട് മുസ്ലിം ജമാഅത്തും ഒപ്പം ചേർന്നു. മെയ് ഇരുപതിനു ആശുപത്രി പ്രവർത്തനം ആരംഭിച്ചു. കൊവിഡ് ബാധിതരായ 543 പേർ ഇതു വരെ ഇവിടെ ചികിത്സ തേടി. ഭാരവാഹികളായ ഷാജഹാൻ കാരിയേലി, അൻസാർ ചങ്ങഞ്ചേരി, മൊയ്ദീൻ മോഡേൺ, കെ.എ നൗഷാദ് മാസ്റ്റർ, സാബിത് ഉമർ എന്നിവർ പത്രസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചു.