jn
ഔഷധി ജംഗ്ഷനിലെ തിരക്ക്

പെരുമ്പാവൂർ: തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടുന്ന പെരുമ്പാവൂരിലെ ഔഷധി ജംഗ്ഷൻ കുരുതിക്കളമാകുന്നു. പെരുമ്പാവൂർ നഗരത്തിൽ നിന്ന് നാല് വശത്തേക്കും തിരിഞ്ഞു പോകാവുന്ന ഈ നാൽക്കവലയിൽ ടോറസ് ഇടിച്ച് ബൈക്ക് യാത്രികയായ വീട്ടമ്മ മരിച്ചതാണ് ഒടുവിലത്തെ സംഭവം.ട്രാഫിക്ക് ലൈറ്റുകളോ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്ത തിരക്കുളള കവലയാണ് ഔഷധി. എം.സി റോഡിലുള്ള ഔഷധി ജംഗ്ഷനിൽ നിന്ന് ചെറിയ റോഡുകളിലേക്ക് പ്രവേശിക്കാൻ ചെറുതും വലുതുമായ വാഹനങ്ങൾ ഇവിടെ നിന്ന് തിരിയുന്നത് പതിവാണ്. ഇതോടെ ഗതാഗതകുരുക്കും അപകടങ്ങളും രൂപപ്പെടുന്നു. കൂടുതലും കാൽനടക്കാർക്കും ടൂവീലറുകൾക്കുമാണ് അപകടങ്ങൾ സംഭവിക്കുന്നത്. തിരക്കേറിയ എം.സി റോഡിൽ നിന്ന് പെട്ടെന്ന് തന്നെ വളയേണ്ടി വരുന്നതിനാൽ സ്പീഡിൽ തന്നെയാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ തിരിയുന്നത്. നൂറ് മീറ്റർ ദൂരത്തുളള എം.സി റോഡിനെയും എ.എം റോഡിനെയും ബന്ധിക്കുന്ന കാലടി ജംഗ്ഷനിൽ നിന്നുളള സിഗ്നൽ ലൈറ്റിൽ നിന്നും രക്ഷപ്പെട്ടുന്ന വാഹനങ്ങൾ കൂടുതൽ വേഗതയിലൂടെയാണ് ഈ ജംഗ്ഷൻ വഴി കടന്നു പോകുന്നത്. ഇവിടം സിഗ്നൽ ലൈറ്റുകളോ വേണ്ടത്ര അപകടമുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കേണ്ട സാഹചര്യമാണ് നിലവിലുളളത്.

ഔഷധി ജംഗ്ഷൻ അപകടരഹിതമാക്കാൻ എം.സി.റോഡിൽ നിന്നും ഹരിഹരയ്യർ റോഡ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള കാന നവീകരിക്കാനും നടപ്പാതയായി വികസിപ്പിച്ച് ഹാൻഡ് റെയിൽ സ്ഥാപിക്കണമെന്നുമുള്ള നിർദ്ദേശം നഗരസഭാ കൗൺസിൽ യോഗം നേരത്തെ തന്നെ പാസാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിവേദനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് നൽകിയിട്ടുണ്ട്. വിശദമായ ചർച്ചക്ക് എം.എൽ.എ അടുത്ത ദിവസം യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ടി.എം.സക്കീർ ഹുസൈൻ,പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ