pic
ചപ്പാത്ത് വെള്ളം കയറി മുങ്ങിയ നിലയിൽ

 ഭീതിയിൽ ആയിരങ്ങൾ

കോതമംഗലം: മണികണ്ഠൻചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ഉറിയംപെട്ടി ആദിവാസി ഊരുകളിലേക്കും പോകുന്നതിനുള്ള ഏക പ്രവേശനകവാടമായ മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലാണ്ചപ്പാത്ത് മുങ്ങിയത്. ഇനി ഇവിടെ നിന്ന് ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കുക അസാദ്ധ്യമാണ്. കനത്ത ഭീതിയിലാണ് പ്രദേശവാസികൾ കഴിയുന്നത്.

കൊവിഡും വെള്ളപ്പൊക്കവും ഇരട്ടി പ്രഹരമാണ് പ്രദേശവാസികൾക്ക് ഉണ്ടാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ സാമ്പത്തികമായി തകർന്നിരിക്കുന്ന മണികണ്ഠൻചാൽ നിവാസികൾക്ക് ജോലിക്ക് പോകാനും മറ്റും ഇതുമൂലം സാധിക്കുന്നില്ല. ലോറിയും ബസും ഉൾപ്പെടെയുള്ള വാഹനങ്ങളും കടന്നുപോകുന്ന പാലമാണിത്.

വർഷകാലത്തുള്ള മലവെള്ളപ്പാച്ചിലിൽ മുങ്ങാറുള്ള ഈ ചപ്പാത്തിൽ നിരവധി വൻമരങ്ങൾ വന്നടിഞ്ഞു പാലത്തിന്റെ കോൺക്രീറ്റ് ഇളകി ബലക്ഷയം സംഭവിച്ചിട്ടുമുണ്ട്. ഇവിടെ പുതിയപാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പുതിയ പാലം വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്. അടിയന്തരമായി ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കണമെന്ന് ജലസംരക്ഷണ സമിതി കൺവീനർ ഫാ. കുര്യാക്കോസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു