കൊച്ചി: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് ജനം സഹകരിച്ചപ്പോൾ ആരോഗ്യ പ്രവർത്തകരും പൊലീസുമുൾപ്പെടെയുള്ള അവശ്യ സേവന വിഭാഗങ്ങൾ സേവന സന്നദ്ധരായി ഇന്നലെ നഗരത്തിലെത്തി. കെ.എസ്.ആർ.ടി.സി വിവിധ മേഖലകളിലേക്ക് സർവീസ് നടത്തി. സ്വകാര്യ ബസുകൾ നിരത്തിൽ നിന്ന് വിട്ടു നിന്നു. കലൂർ, കാക്കനാട്, പാലാരിവട്ടം എന്നിവിടങ്ങളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. ഇന്നും ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഹോട്ടലുകളും രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രവർത്തിക്കുക. പൊലീസ് അനുമതിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം.
അതേസമയം, തെരുവിൽ കഴിയുന്നവർക്ക് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു. പനങ്ങാട് സ്വദേശി തന്റെ വിവാഹ സൽക്കാരത്തിനുള്ള പണം അശരണർക്ക് പണം ഭക്ഷണം വാങ്ങി വിതരണം ചെയ്യാനായി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എ.സി.പി കെ.ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.വിജയ് ശങ്കർ എന്നിവർ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി.