 വിമാനം ആകാശച്ചുഴിയിൽ: കവരത്തി എസ്.ഐക്ക് പരിക്ക്

കൊച്ചി/നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് ലക്ഷ്വദീപിലെ അഗത്തിയിലേക്ക് പോയ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്ന് മണിക്കൂറോളം പറന്ന ശേഷം കൊച്ചിയിൽ തിരിച്ചിറക്കി. എയർ ഇന്ത്യയുടെ എ.ഐ 506 വിമാനമാണ് മടങ്ങിയെത്തിയത്.

വിമാനം ആകാശച്ചുഴിയിൽ പെട്ടതായി യാത്രക്കാർ പറഞ്ഞെങ്കിലും ഇതിന് സ്ഥിരീകരണമില്ല. സീറ്റി​ൽ നി​ന്ന് തെറി​ച്ച മുകൾഭാഗത്ത് മുട്ടി​ തലയ്ക്ക് പരിക്കേറ്റ കവരത്തി പൊലീസ് എസ്.ഐ. അമീർ ബിൻ മുഹമ്മദിന് വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ഒരു എയർ ഹോസ്റ്റസിന്റെ കൈക്ക് പരിക്കുണ്ട്.

സംവിധായിക അയിഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹകേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ഉദ്യോഗസ്ഥരിൽ ഒരാളാണ് അമീർ ബിൻ മുഹമ്മദ്.

ഇന്നലെ രാവിലെ 11.30നാണ് വിമാനം അഗത്തിയിലേക്ക് തിരിച്ചത്. രണ്ടരയോടെ കൊച്ചിയിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥയായതിനാൽ ഇന്നലെ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഹെലികോപ്ടർ സർവീസുകളും ഉണ്ടായില്ല.

അഡ്മിനിസ്ട്രേറ്ററുടെ
സന്ദർശനം വൈകും

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ 20ന് ശേഷമേ ലക്ഷദ്വീപിൽ എത്തൂ. 14ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പെരുന്നാളും മറ്റു ഔദ്യോഗിക കാര്യങ്ങളും പരിഗണിച്ച് യാത്ര മാറ്റുകയായിരുന്നു. ഒരാഴ്ചത്തേക്കാണ് സന്ദർശനം. അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ദ്വീപിൽ എത്തിക്കഴിഞ്ഞു. ഒരു ഐ.പി.എസ് ഓഫിസറും കമാൻഡോകളും അടക്കം 17 പേർ സംഘത്തിലുണ്ട്.