കുമ്പളങ്ങി: കുമ്പളങ്ങിയുടെ പ്രകൃതിഭംഗി അനിർവചനീയമാണ്. അതിന് അടിസ്ഥാനമാകട്ടെ ഇവിടത്തെ വിശാലമായ പൊക്കാളിപ്പാടങ്ങളും വിരുന്നെത്തുന്ന ദേശാടകരുൾപ്പെടെയുള്ള പക്ഷികളും. പച്ചപുതച്ച പൊക്കാളിപ്പാടങ്ങൾ കുമ്പളങ്ങിക്ക് അന്യമാവുകയാണ്. അതൊരു നാടിന്റെ ജീവിതത്തെയും ലോലമായ പ്രകൃതിഘടനയെയും ഗുരുതരമായി ബാധിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ദൃശ്യമാകുന്നത്.

 8600 ഏക്കർ

കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലായി 8,600ൽപരം ഏക്കർ പൊക്കാളിപ്പാടങ്ങളുണ്ട്. ഇതി​ൽ നൂറ് ഏക്കറി​ൽ പോലും ഇപ്പോൾ നെൽകൃഷി​യി​ല്ല. ചെമ്മീൻകെട്ടുകൾ മാത്രമാണ് നടക്കുന്നത്. കൃഷി​ക്കുള്ള ബുദ്ധി​മുട്ടുകളും വരുമാനവും നോക്കി​യാൽ കെട്ടുകൾക്ക് വാട​കയ്ക്ക് നൽകുന്നതാണ് ലാഭം. പക്ഷേ വർഷം മുഴുവൻ മത്സ്യകൃഷി​ നി​യമവി​രുദ്ധമാണ്. ചെമ്മീൻകെട്ട് മാഫിയയുടെ പണക്കൊഴുപ്പി​നും സ്വാധീനത്തി​നും മുന്നി​ൽ റവന്യൂ, കൃഷി​ വകുപ്പുകൾ കണ്ണടയ്ക്കുകയാണ്.

 3700 കർഷക തൊഴി​ലാളി​ കുടുംബങ്ങൾ

കുമ്പളങ്ങി​, ചെല്ലാനം പഞ്ചായത്തുകളി​ലായി​ പരമ്പരാഗത പൊക്കാളി​ കൃഷി​തൊഴി​ൽ ചെയ്തി​രുന്ന 3700ൽപരം പട്ടികജാതിക്കാരായ കർഷക തൊഴിലാളി കുടുംബങ്ങളുണ്ടായിരുന്നു. ചിറകളിൽ തന്നെയായിരുന്നു അവരുടെ വീടുകളും. രണ്ട് പതിറ്റാണ്ടായി കൃഷി തീരെ കുറവായതിനാൽ അവരുടെ ജീവിതം വഴിമുട്ടുകയാണ്. പലരും കൂലിപ്പണിയുൾപ്പടെ മറ്റ് തൊഴിൽമേഖലകളിലേക്ക് കു‌ടിയേറി.

 പാരിസ്ഥിതിക പ്രശ്നവും ഗുരുതരം

പൊക്കാളി കൃഷി അന്യമായതോടെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകൾ നേരിടുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണ്. ചെമ്മീൻ കെട്ടിന് വേണ്ടി ഓരുവെള്ളം കൊല്ലം മുഴുവൻ കയറ്റുന്നതിനാൽ ഭൂമിയുടെ ജൈവസന്തുലിതാവസ്ഥ തകർന്നു. ഒൗട്ടർ ബണ്ടുകൾ ബലപ്പെടുത്താത്തതും ചിറപ്പണികൾ ഇല്ലാത്തതും മൂലം വേലയേറ്റ സമയങ്ങളിൽ ചിറകളിൽ ജീവിക്കുന്ന കർഷകതൊഴിലാളി കുടുംബങ്ങളുടെ വീടും പുരയിടവും നാശമാവുകയും ചെയ്യുന്നു. മത്സ്യ, പക്ഷി സമ്പത്തുകളും ശോഷിക്കുന്നുണ്ട്. ചിറയിലെ പച്ചക്കറി ഉൾപ്പടെ മറ്റ് കൃഷികളും ഇല്ലാതാക്കുന്നു.

 ചെട്ടി​വി​രി​പ്പ് അപ്രത്യക്ഷമായി​

വിരിപ്പ്, ചെട്ടിവിരിപ്പ് ഇനങ്ങളാണ് കുമ്പളങ്ങി മേഖലയിലുണ്ടായിരുന്ന നെല്ലിനങ്ങൾ. ഇതിൽ ഒരാൾപൊക്കം വളരുന്ന ചെട്ടിവിരിപ്പ് ഇനം അപ്രത്യക്ഷമായി. ഒരാഴ്ചയോളം വെള്ളത്തിൽ മുങ്ങിയാലും നശിക്കാത്ത ഇനങ്ങളായിരുന്നു ഇവ.

 പൊക്കാളി കൃഷി

ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരദേശത്തെ തനതുനെൽകൃഷി. ഓരുവെള്ളത്തിലാണ് പൊക്കാളി നെല്ല് വിളയുന്നത്. ആറ് മാസം നെൽകൃഷിയും ആറുമാസം മത്സ്യകൃഷിയുമാണ് പതിവ്. വലിയ പരിചരണം വേണ്ട. വളം വേണ്ട. കീടനാശിനികൾ വേണ്ടിവരില്ല. കളശല്യം കുറവ്, അസാധാരണമായ പ്രതിരോധശേഷി ഇതൊക്കെയാണ് പ്രത്യേകതകൾ. തനി ജൈവം എന്ന് വേണമെങ്കിൽ പറയാം. ജൂൺ​ മുതൽ നവംബർ വരെയാണ് പൊക്കാളി​ കൃഷി​ക്കാലം. ചെമ്മീൻകെട്ടുകളുടെ കാലാവധി​ ഇപ്പോൾ നിയമവിരുദ്ധമായി ഏപ്രി​ൽ 15 വരെ നീട്ടി​ക്കൊണ്ടുപോകുന്നതി​നാൽ നി​ലം ഒരുക്കങ്ങൾക്ക് സമയം ലഭി​ക്കാത്തതും കൃഷി​യെ തളർത്തുന്നുണ്ട്.

 അടിയന്തര നടപടിവേണം

മേഖലയിലെ പൊക്കാളി കൃഷി അന്യം നിന്നു പോകാതിരിക്കാൻ അടിയന്തര നടപടി വേണം. സർക്കാർ ഇടപെടണം. അനധികൃത മത്സ്യകൃഷിക്കെതിരെ കർശന നടപടിയെടുക്കണം. പരമ്പരാഗത കർഷക തൊഴിലാളികൾ വൻ പ്രതിസന്ധിയിലാണ്.

പി.ടി.നാണപ്പൻ

കെ.പി.എം.എസ്.കുമ്പളങ്ങി സൗത്ത് ശാഖാ പ്രസിഡന്റ്