കൊച്ചി: എത്ര കൊടിയ വരൾച്ചയ്ക്ക് ശേഷം മഴപെയ്താലും 'ഭയങ്കര മഴ' എന്നതാണ് മലയാളിയുടെ അളവുകോൽ. എന്നാൽ മഴയുടെ അളവ് ആർക്കുവേണമെങ്കിലും എടുക്കാം. അതിന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ ജോലി ചെയ്യണമെന്നില്ല, സംസ്ഥാന ദുരന്തനിരവാരണ അതോറിട്ടിയുടെ മാർഗരേഖ പിന്തുടർന്നാൽ മാത്രം മതി. മാർഗരേഖയുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പും ലിറ്റർ കണക്കിൽ മനസിലാക്കാം.
1 ലിറ്റർ = 1 മില്ലീമീറ്റർ
ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് പെയ്യുന്ന വെള്ളത്തിന്റെ അളവ് എടുത്താൽ അവിടത്തെ ആകെ മഴയുടെ കണക്ക് ലഭിക്കും. ഒരു ചതുരശ്രമീറ്റർ വാവട്ടമുള്ള ടാങ്കിൽ നിന്ന് 1 ലിറ്റർ വെള്ളം ലഭിച്ചാൽ അവിടെ 1 മില്ലിമീറ്റർ മഴ പെയ്തു എന്നാണർത്ഥം. 100 ലിറ്റർ ഉണ്ടെങ്കിൽ 100 മില്ലിമീറ്റർ അഥവാ പത്ത് സെന്റിമീറ്റർ മഴ പെയ്തു എന്ന് മനസിലാക്കാം. ശക്തമായ മഴയുള്ളപ്പോൾ ചിലസ്ഥലങ്ങളിൽ 10-15 സെന്റീമീറ്റർ വരെ പെയ്തിട്ടുണ്ട്.
1 ചതുശ്ര കിലോ മീറ്റർ സ്ഥലത്ത് 100 മില്ലിമീറ്റർ മഴപെയ്താൽ ഒരുലക്ഷം ഘനമീറ്റർ (എം.സി.എ) അഥവാ 10 കോടി ലിറ്റർ വെള്ളം ലഭിക്കും.
അണക്കെട്ടുകളിലെ ജലം
അണക്കെട്ടുകളിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് 'ദശലക്ഷം ഘനമീറ്റർ' യൂണിറ്റ് അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ഒരു എം.സി.എം എന്ന് പറയുന്നത് 100 കോടി ലിറ്ററാണ്. അങ്ങനെയെങ്കിൽ ഇടുക്കി അണക്കെട്ടിലെ കണക്ക് പരിശോധിക്കാം. ശനിയാഴ്ച (ജൂലായ് 10 രാവിലെ 11ന് ) ഇടുക്കിയിൽ 713.808 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ടായിരുന്നു. ഇതിനെ ലിറ്ററാക്കിമാറ്റിയാൽ 71380800000 ആണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് (ഉയരം)
പരമാവധി സംഭരണ ശേഷി ......................2403 അടി
നിലവിലെ സംഭരണം ..................2353.62 അടി.
ഇടുക്കി- ലൈവ് സ്റ്റോറേജ് 48.91 ശതമാനം.
മൊത്തം സംഭരണശേഷി..................... 1996.3 എം.സി.എ
പരമാവധി സംഭരിക്കാവുന്നത്............ 1459.49 ,,
നിലവിലുള്ള വെള്ളം .......................... 713.808 ,,
ഡെഡ് സ്റ്റോറേജ്..................................... 573 ,,