വൈപ്പിൻ: വാക്‌സിനേഷൻ ക്യാമ്പുകൾക്കായി വൈപ്പിനിൽ വീണ്ടും മുറവിളി ഉയരുന്നു. വൈപ്പിനിൽ കൊവിഡ് വ്യാപനം കഴിഞ്ഞ മാസം നാലായിരം വരെ എത്തിയപ്പോഴാണ് ആദ്യം ഈ ആവശ്യം ഉയർന്നത്. ഉയർന്ന ജനസാന്ദ്രതയും തീരദേശമെന്നതും പരിഗണിച്ച് വൈപ്പിൻകരക്ക് പ്രത്യേകമായി വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് വിവിധ തലങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ വാക്സിനേഷൻ ഡോസുകളുടെ കുറവും നാട്ടിൽ കൊവിഡ് വ്യാപനം കുറഞ്ഞു വന്നതും കണക്കിലെടുത്ത് ക്യാമ്പുകൾ എന്ന ആവശ്യം പിറകോട്ട് പോയി. പക്ഷേ ഇപ്പോൾ അനുദിനം രോഗവ്യാപനം ഉയർന്നതോടെ തദേശ സ്വയംഭരണ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും മറ്റ് സംഘടനകളും ക്യാമ്പുകൾക്കായി രംഗത്തെത്തി.

വൈപ്പിനിൽ ഇതുവരെ55000 പേർക്ക് മാത്രമേ വാക്സിനേഷൻ ലഭിച്ചിട്ടുള്ളൂ. ശേഷിക്കുന്നവരെ അടിയന്തരമായി വാക്സിനേറ്റ് ചെയ്യാൻ പ്രത്യേകമായി ക്യാമ്പുകൾ സംഘടിപ്പിക്കണം. ഇതിനിടെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ വിളിച്ചു കൂട്ടിയ യോഗം പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കൂട്ടമായി കൊവിഡ് ടെസ്റ്റ് നടത്തി ദൈനംദിന ടി.പി.ആർ. കുറച്ചുകൊണ്ടുവരുവാൻ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ.എസ്. നിബിൻ, രസികല പ്രിയരാജ്, നീതു ബിനോദ്, അസീന അബ്ദുൽ സലാം, റസി. അപ്പെക്‌സ് കൗൺസിലുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗിന്റെ ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, കെ.എ.സാജിത്ത്, മിനി രാജു എന്നിവർ പങ്കെടുത്തു.

വാക്സിനേഷൻ ക്യാമ്പിനായി ആരോഗ്യമന്ത്രി, തദ്ദേശ മന്ത്രി, എം.എൽ.എ, കളക്ടർ എന്നിവർക്ക് നിവേദനം നൽകാനും തീരുമാനമായി.

വാക്സിനേഷൻ ക്യാമ്പ് അടുത്ത ആഴ്ച ആരംഭിക്കും

എളങ്കുന്നപ്പുഴ പഞ്ചായത്തിൽ വാക്സിനേഷൻ ക്യാമ്പ് അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ചെലവുകൾ പഞ്ചായത്ത് വഹിക്കും. നായരമ്പലം പഞ്ചായത്തിൽ ദേവിവിലാസം സ്‌കൂളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തും.