മൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക അറവുശാലയിൽ നിന്ന് പട്ടാപകൽ ഉപകരണങ്ങൾ കടത്തി കൊണ്ടുപോയ സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഉൗർജ്ജിതമാക്കി പൊലീസ്. വാഹനവും കണ്ടെത്തിയിട്ടുണ്ട്. പെരുമറ്റം സ്വദേശിയുടെ പിക്കപ് വാൻ വാടകക്ക് എടുത്താണ് സംഘം അറവുശാലയിൽ മോഷണത്തിന് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 5 .30 -യോടെയാണ് വാഹനവുമായി എത്തിയ മൂന്നംഗ സംഘം ഉപകരണങ്ങൾ അടക്കം കടത്തി കൊണ്ടുപോയത്. സംഭവം കണ്ടെത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചങ്കിലും ഇവരുടെ ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച് സിനിമാ സ്റ്റയിലിൽ അറവുശാലയുടെ ഗെയിറ്റ് ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെട്ടു.സംഘം അറവുശാല വളപ്പിൽ കയറിയ ശേഷം വാഹനം തിരിച്ചു നിറുത്തി കോമ്പൗണ്ടിലും അറവുശാലക്ക് അകത്തും ഉണ്ടായിരുന്ന ഇരുമ്പ് ബഞ്ച്, കസേരകൾ, മേശ, ട്രോളി ,ബക്കറ്റുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ ലോറിയിൽ കയറ്റുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഇത് ചോദ്യം ചെയ്ത് തടയാൻ നോക്കിയതോടെയാണ് ഇവർ വാഹനവുമായി രക്ഷപ്പെട്ടത്.