1
സൂസൻ ജോസഫും സുഹുത്തുക്കളും അടുക്കളയിൽ പാചകത്തിൽ

കുമ്പളങ്ങി: മുൻ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് തളരുന്നില്ല. കൊവിഡ് പ്രതിസന്ധിയിലും രോഗികൾക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കും മൂന്ന് നേരം ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുകയാണ് സൂസൻ. ഈ പ്രവൃത്തി തുടങ്ങിയിട്ട് 75 ദിവസം പിന്നിട്ടു. കിടപ്പു രോഗികൾക്കും ഒറ്റപ്പെട്ട് കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം കുമ്പളങ്ങിയിലെ മറ്റു അടുക്കളകളുടെ പ്രവർത്തനം നിലച്ചപ്പോഴും സൂസന്റെ അടുക്കള തുറന്നിരിക്കുകയാണ്. സ്വന്തം അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണമാണ് ആദ്യ നാളുകളിൽ നൽകിയിരുന്നത്. പിന്നീട് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചപ്പോഴാണ് സമൂഹ അടുക്കള തുടങ്ങിയത്. ആരോടും സഹായം ചോദിച്ച് വാങ്ങാറില്ല. അറിഞ്ഞ് നൽകിയാൽ വാങ്ങും അത്ര മാത്രം.

ഒന്നാം വാർഡിലും പരിസരത്തും മഹാമാരി പൂർണമായും ഒഴിഞ്ഞു പോകുന്നതുവരെ ആവശ്യക്കാർക്ക് തന്റെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുമെന്ന് സൂസൻ പറയുന്നു. നിരവധി സുഹൃത്തുക്കൾ അടുക്കളയിലും ഭക്ഷണം വീടുകളിൽ എത്തിക്കാനും തന്നോടൊപ്പം ഉണ്ട്. അനിൽ, ജെൻസൻ, ഷീബ, ഷീജ, സ്മിത, സിന്ധു, റെജി, ലൂസി, ബിജു, അനിത, അർച്ചന തുടങ്ങിയവരാണ് സഹായികൾ. ഭർത്താവും മക്കളും ഈ പുണ്യ പ്രവർത്തിക്ക് തന്നോടൊപ്പം ചേർന്നു നിൽക്കുന്നതാണ് സൂസന്റെ ബലം.