മൂവാറ്റുപുഴ: വാഹന രജിസ്ട്രേഷനു ശേഷം ഹൈ സെക്യൂരിറ്റി റജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഘടിപ്പിക്കാതെ വാഹനങ്ങൾ വിട്ടുകൊടുക്കുന്നതു മൂലം വാഹന ഉടമയ്ക്ക് ആർ.സി ബുക്കുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു എന്ന പരാതിയെ തുടർന്ന് വാഹന ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. ഇത്തരത്തിൽ നിയമ ലംഘനം കണ്ടെത്തിയ ഷോറൂമുകൾക്ക് താക്കീതും കാരണം കാണിക്കൽ നോട്ടിസും നൽകി. 2021 ഏപ്രിൽ 16 മുതൽ വാഹനം പരിശോധനയ്ക്കു ഹാജരാക്കാതെ തന്നെ രജിസ്ട്രേഷൻ നൽകുന്ന സംവിധാനം നിലവിലുണ്ട്. ഇത്തരത്തിൽ നമ്പർ ലഭിക്കുന്ന വാഹനങ്ങൾ എച്ച്.എസ്.ആർ.പി ഘടിപ്പിച്ചതിനു ശേഷമേ വാഹന ഷോറൂമുകൾ ഉടമസ്ഥനു വിട്ടു നൽകാവൂ എന്നാണ് പുതുക്കിയ മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നത്. എച്ച്.എസ്.ആർ.പി ഘടിപ്പിച്ച വിവരങ്ങൾ വാഹൻ വെബ്സൈറ്റിൽ വാഹന ഡീലർ തന്നെ അപ്‌ലോഡ് ചെയ്താൽ മാത്രമേ ആർ.സി ബുക്ക് പ്രിന്റ് എടുക്കാൻ സാധിക്കുകയുള്ളു. എന്നാൽ എച്ച്.എസ്.ആർ.പി ഘടിപ്പിക്കാതെ ഷോറൂമുകൾ വാഹനങ്ങൾ ഉടമസ്ഥനു വിട്ടു നൽകുന്നതു മൂലം ഒട്ടേറെ വാഹന ഉടമകൾക്ക് ആർ.സി ബുക്കുകൾ നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതുമൂലം മോട്ടർ വാഹന ഉദ്യോഗസ്ഥന്മാർ പഴി കേൾക്കേണ്ടി വരുന്ന സാഹചര്യത്തിലായിരുന്നു വ്യാപക പരിശോധന. രജിസ്ട്രേഷന് അപേക്ഷിച്ച് ആർ.സി ബുക്ക് ലഭിക്കാൻ താമസം വരുന്നവർ 8547639017 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് മൂവാറ്റുപുഴ ആർ.ടി.ഒ അറിയിച്ചു