കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിന് പ്രത്യേക താല്പര്യവും അടിയന്തര ഇടപെടലും അഭ്യർത്ഥിച്ച് കേരള മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ വ്യവസായമന്ത്രി പി. രാജീവിന് നിവേദനം സമർപ്പിച്ചു. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പൂർണസമയ പ്രിൻസിപ്പൽ, സൂപ്രണ്ട് പദവികളിൽ അടിയന്തരമായി നിയമനം നടത്തി ഭരണപരമായ പ്രശ്നങ്ങൾ ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ആവശ്യങ്ങൾ

# കൊവിഡിതര രോഗങ്ങൾക്ക് കിടത്തിച്ചികിത്സയും ഒ.പിയും അടിയന്തരമായി പുനരാരംഭിക്കണം.എം.ബി.ബി.എസ്., പി.ജി., പാരാമെഡിക്കൽ കോഴ്സുകളിൽ പഠനം നടത്താൻ ഒ.പി.യും ഐ.പിയും അനിവാര്യമാണ്.

# മൂന്നു മാസമായി അടച്ചിട്ടിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററിന്റെ ഒരുനില അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കണം. എറണാകുളത്തെയും സമീപ ജില്ലകളിലെയും പാവപ്പെട്ട രോഗികൾക്ക് ആശ്രയമായ ആശുപത്രിയിൽ കൊവിഡിതര ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ല. അറ്റകുറ്റപ്പണി മെല്ലെയാണ് നടക്കുന്നത്.

# കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവയിൽ സൗകര്യം വർദ്ധിപ്പിക്കണം. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് പ്രവേശനം നൽകണം. ഇതുവഴിയേ ചികിത്സയും പഠനവും മികവുറ്റതാക്കാൻ കഴിയൂ.

# മെഡിക്കൽ കോളേജിൽ ട്രോമാ കെയർ സെന്റർ അടിയന്തരമായി സജ്ജമാക്കണം. ട്രോമാ കെയർ സെന്ററുകൾ മുഴുവൻ മെഡിക്കൽ കോളേജുകളിലും ആരംഭിക്കുകയെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യം എറണാകുളത്ത് നടപ്പായിട്ടില്ല. വ്യവസായജില്ലയായ എറണാകുളത്ത് സർക്കാർ മേഖലയിൽ ട്രോമ കെയർ സെന്റർ നിലവിലില്ല.

# ന്യൂറോസർജറി, കാർഡിയോതൊറാസിക് വിഭാഗങ്ങൾ ആരംഭിക്കണം. അപകടങ്ങളിൽപ്പെട്ടും അതീവഗുരുതര അവസ്ഥയിലുമെത്തുന്ന രോഗികളെ നിലവിൽ മറ്റു മെഡിക്കൽ കോളേജുകളിലേയ്ക്ക് വിടേണ്ടിവരുന്നു.

# സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം.

# അത്യാഹിത ചികിത്സാ വിഭാഗത്തിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കാനുള്ള നിർദേശത്തിന് ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കണം. നിലവിലെ കാഷ്വാലിറ്റി പരിതാപകരമായ അവസ്ഥയിലാണ്. ആവശ്യത്തിന് സ്ഥലമോ സൗകര്യമോ ഓപ്പറേഷൻ തിയേറ്ററോ നിലവിലില്ല. മെഡിക്കൽ കൗൺസിലിന്റെ അനുമതികൾക്ക് അത്യാധുനിക കാഷ്വാലിറ്റി അനിവാര്യമാണ്.

# പൂർണസമയവും പ്രവർത്തിക്കുന്ന കാന്റീൻ ആരംഭിക്കണം. നിലവിലെ കാന്റീൻ വൈകിട്ട് അഞ്ചിന് പൂട്ടും. പിന്നീട് രോഗികൾക്കും ജീവനക്കാർക്കും കുടിവെള്ളവും ഭക്ഷണവും ലഭിക്കാൻ വഴിയില്ല.

# രോഗികൾക്കും ജീവനക്കാർക്കും സൗകര്യപ്രദമായി പൊതുയാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തണം. ബസ് സ്റ്റാൻഡ് നിർമിച്ചെങ്കിലും പ്രവർത്തിക്കുന്നില്ല.

# നിരവധി വകുപ്പുകളിൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. നിയമനങ്ങൾ നടത്തിയില്ലെങ്കിൽ മെഡിക്കൽ കൗൺസിൽ അംഗീകാരത്തെ ബാധിക്കും. അദ്ധ്യാപകരുടെയും ഡോക്ടർമാരുടെയും ഒഴിവുകളിൽ നിയമനം അടിയന്തരമായി നടത്തണം.

# എല്ലാ വകുപ്പുകളിലും പി.ജി. കോഴ്സുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണം. ആശുപത്രിയുടെ സമഗ്രമായ വികസനത്തിനും രോഗികൾക്കും പി.ജി. പഠനം അനിവാര്യമാണ്.