jafar
ജാഫർ മാലിക്കും ഭാര്യ ഫർസാനയും മകൻ അമാനൊപ്പം.

വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന

കൊച്ചി: വീട്ടുകാര്യങ്ങളും ഓഫീസ് കാര്യങ്ങളും കൂട്ടിക്കുഴയ്ക്കില്ലെന്ന് ജില്ലയുടെ നിയുക്ത കളക്ടർ ജാഫ‌ർ മാലിക്ക്. ഭാര്യ എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ഫർസാന പർവീനുമായി ചേർന്ന് നേരത്തെയെടുത്ത തീരുമാനമാണിത്. മകൻ അമാനോടൊപ്പം ചെലവഴിക്കാനും ഇരുവരും വേണ്ടത്ര സമയം കണ്ടെത്തും.

പുതിയ ആശയങ്ങളുമായി ഇന്ന് വൈകിട്ട് മൂന്നരയ്ക്കുശേഷം ജാഫർ മാലിക്ക് ജില്ലാ കളക്ടറായി ചുമതലേൽക്കും. കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതിക്ക് പ്രത്യേക പരിഗണന നൽകും. റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ എം.ഡി ആയിരുന്നതിനാൽ ജില്ലയിലെ വിവിധ പ്രവർത്തനങ്ങളെപ്പറ്റി ധാരണയുണ്ട്. പദ്ധതികൾക്കാവശ്യമായ സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കും. കൊച്ചി മെട്രോ വികസനം, വാട്ടർ മെട്രോ, കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ആദിവാസി മേഖല, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വനിത, ശിശു, ട്രാൻസ്ജെൻഡേഴ്സ് എന്നിവർക്കുള്ള പദ്ധതികൾ ഗുണഭോക്താക്കളിലെത്തിക്കാൻ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ തയ്യാറാക്കും.

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട പരാതികൾ വിശദമായി പരിശോധിക്കും. സൗകര്യമില്ലാത്ത കുട്ടികളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വാങ്ങി പരിശോധിച്ച് ശാശ്വത പരിഹാരം കാണും. ജില്ലയിൽ സ്കോളർഷിപ്പുകൾക്ക് അർഹരായ കുട്ടികൾക്ക് അവബോധം സൃഷ്ടിച്ച് പ്രത്യേക പരിശീലനം നൽകും. ആശയങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി കൃത്യമായ ഇടവേളകളിൽ അവലോകനവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.