ആലുവ: രോഗികൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ആലുവ ജില്ലാ ഗവ. ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഒരു പുരുഷനടക്കം മൂന്ന് താത്ക്കാലിക നഴ്‌സുമാരെ പിരിച്ചുവിട്ടു. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് മുന്നോടിയായാണ് ആലുവ ജില്ലാശുപത്രിയിൽ പ്രത്യേക കൊവിഡ് ചികിത്സാസാ കേന്ദ്രം ആരംഭിച്ചത്. കളമശേരിയിലെ കൊവിഡ് കേന്ദ്രം നിറുത്തലാക്കാൻ തീരുമാനിച്ചതും പരിഗണിച്ചാണ് ആലുവ ജില്ലാശുപത്രിയിൽ കേന്ദ്രം തുടങ്ങിയത്.

ജീവനക്കാരെ ആലുവയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടു വരാതെ നൂറോളം പേരെ താത്ക്കാലികമായി നിയമിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മർദ്ദം കൂടിയായപ്പോൾ വിദ്യാഭ്യാസ മാനദണ്ഡം മാത്രം അടിസ്ഥാനമാക്കിയാണ് പലരും നിയമിക്കപ്പെട്ടത്. ഇവരുടെ യാത്രാ സൗകര്യത്തിനായി സമീപത്തെ ലോഡ്ജ് മുഴുവനായി വാടകയ്ക്ക് എടുക്കുകയും ചെയ്തു. എന്നാൽ നഴ്‌സുമാർക്ക് അടിസ്ഥാനപരമായി വേണ്ട ദയാകാരുണ്യം പലർക്കുമില്ലെന്ന പരാതി നിരവധി രോഗികൾ ഉന്നയിച്ചു. പുതിയ ചികിത്സാ കേന്ദ്രമായതിനാൽ പ്രത്യേക നിയന്ത്രണങ്ങളോ ഏകോപനമോ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ടായി.

മരിച്ച രോഗികളുടെ ആഭരണങ്ങളും മറ്റും കാണാതെ പോകുന്നതാണ് മറ്റൊരു പരാതി. ഒരു തവണ ഇത് വിവാദമായതോടെ ഒരു ദിവസം കഴിഞ്ഞാണ് പരിചരിച്ച നഴ്‌സുമാർ ആഭരണം തിരികെ നൽകിയത്. അതിനിടയിൽ മരണത്തിന് കീഴടങ്ങിയ രോഗികളുടെ ബന്ധുക്കളും പരിചരണവും ചികിത്സയും മതിയായ രീതിയിൽ കിട്ടിയില്ലെന്നാരോപിച്ച് പരാതി നൽകിയിട്ടുണ്ട്.