പൂത്തോട്ട: പുത്തൻകാവ് ഭഗവതി ക്ഷേത്രം, പൊതിയാട്ടിൽ സർപ്പ ദൈവ ക്ഷേത്രം, അമ്പലക്കാട്ടിൽ സർപ്പ ദൈവ ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ രാവിലെ 7 ന് പൊതിയാട്ടിൽ സർപ്പ ദൈവ ക്ഷേത്രത്തിൽ എത്തിയവരാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകർന്ന നിലയിൽ ആദ്യം കണ്ടത്. പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പൂരോത്സവത്തിനു ശേഷം ഭണ്ഡാരം തുറന്നു പണം എടുത്തിരുന്നില്ല. അതിനാൽ തന്നെ ഇവിടെ നിന്ന് ഏകദേശം 18,000 രൂപ മോഷണം പോയെന്നു കരുതുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പൊതിയാട്ടിൽ സർപ്പദൈവ ക്ഷേത്രത്തിലെ ഭണ്ഡാരം ആറു മാസം മുൻപാണ് തുറന്നതെന്ന് ഭാരവാഹികൾ പറയുന്നു. ഉദയംപേരൂർ പൊലീസ് അന്വേഷണം തുടങ്ങി.