കൊച്ചി: വല്ലാർപാടം റെയിൽവേ പാലം നിർമ്മാണത്തിനായി വടുതലയിൽ പണിത താത്കാലിക ബണ്ട് പൊളിക്കാനായി പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ. ബണ്ട്മൂലം ഏറ്റവുമധികം പ്രശ്‌നങ്ങൾ നേരിടുന്ന കുറുങ്കോട്ട ദ്വീപ് നിവാസികളാണ് സമരത്തിനിറങ്ങുക. എത്രയും വേഗം തീരുമാനമുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. ബണ്ടുമായി ബന്ധപ്പെട്ട് ആദ്യമായുണ്ടാകുന്ന ജനകീയ പ്രക്ഷോഭമായിരിക്കുമിത്. വെള്ളിയാഴ്ച ബണ്ട് കേസ് കോടതി പരിഗണിക്കും. അതിനു ശേഷമായിരിക്കും പ്രക്ഷോഭ പരിപാടികൾക്ക് അന്തിമ രൂപം നൽകുക.

 മഴ കനത്തു, ആശങ്കയും
കാലവർഷം ശക്തമായതോടെ ബണ്ട് നിർമ്മിച്ച ഭാഗത്തും സമീപ പ്രദേശങ്ങളിലുമെല്ലാം ജലനിരപ്പ് ഉയരുന്നുണ്ട്. ഇത് പ്രദേശവാസികൾക്ക് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ബണ്ട് പൊളിച്ചില്ലെങ്കിൽ പെരിയാറിൽ 50 കിലോമീറ്റർ ദൂരത്തിൽ വരെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മൈനർ ഇറിഗേഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2018ലെ പ്രളയത്തിന് സമാനമായ തരത്തിൽ കാലവർഷം ശക്തിപ്പെട്ടാൽ താന്തോന്നിത്തുരുത്ത്, കുറുങ്കോട്ട എന്നീ രണ്ട് വലിയ ദ്വീപുകളും മൂന്ന് ചെറിയ ദ്വീപുകളും വെള്ളത്തിൽ മുങ്ങും.

 ജലവിഭവ വകുപ്പ് റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തലുകൾ

 ഒന്നര വർഷം വേണ്ടിവരും

ബണ്ട് പൊളിക്കാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും വേണ്ടി വരും. വടുതല ഡോൺബോസ്‌കോ മുതൽ മുളവുകാട് വരെയുള്ള ഒരു കിലോമീറ്ററിലധികമുള്ള സ്ഥലത്തെ 16ലക്ഷത്തോളം ക്യുബിക് മീറ്റർ മണലും ചെളിയുമാണ് മാറ്റേണ്ടത്. ഇതിന് പാരിസ്ഥിതിക അനുമതി വേണം. അത് ലഭിക്കണമെങ്കിൽ വിശദമായ പഠനം നടത്തണം. റിപ്പോർട്ട് വിവിധ വകുപ്പുകൾ പരിശോധിക്കും.

 ബണ്ട് എത്രയും വേഗം നീക്കണം. അല്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾ വെള്ളത്തിൽ മുങ്ങും. തീരുമാനം വൈകിപ്പിക്കരുത്. സുകമാരൻ.കെ.കെ. (ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം)