മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ പതിനാലാംവാർഡിലെ കുരുന്നുകൾക്ക് പഠനസഹായവുമായി "നമ്മുടെ നാട് - നന്മ ബിരിയാണി" പദ്ധതിയുമായി വാർഡിലെ ജനകീയക്കൂട്ടായ്മ ഒത്തുചേർന്നു. വാർഡ് കൗൺസിലർ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ ബിരിയാണി ഉണ്ടാക്കി വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചുനൽകി. ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന തുക വാർഡിലെ നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽഫോൺ, മറ്റ് പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് കൗൺസിൽ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജിനു മടേക്കൽ, ബിന്ദു ജയൻ, ലൈലാ ഖനീഫ, അമൽബാബു എന്നിവർ സംസാരിച്ചു.