cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാലിന്റെ പുതിയ സംരംഭമായ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകും. വ്യോമേതര മേഖലയിൽ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിയാലിന്റെ ഉടമസ്ഥതയിലുള്ള 100 ഏക്കർ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ടൗൺഷിപ്പ് നിർമ്മിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.

30 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവള പ്രവേശന കവാടത്തിന് തൊട്ടടുത്തായി നാല് ഏക്കറിൽ നിർമ്മാണം നടക്കുന്ന ഹോട്ടലിൽ 112 മുറികളാണ് സജ്ജീകരിക്കുന്നത്. 2.04 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഇതിനായുള്ള കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. താഴത്തെ നിലയ്ക്ക് പുറമെ ആറ് നിലകളുള്ള കെട്ടിടത്തിൽ അഞ്ച് സ്യൂട്ട് റൂമുകളും 21 ഇരട്ട മുറികളും ഉണ്ടാകും. ഹോട്ടലിന്റെ ഒരു വശത്ത് പർവതങ്ങളുടെയും മറുവശത്ത് റൺവെയുടെയും തടസ്സമില്ലാത്ത കാഴ്ച്ച ലഭ്യമാകുന്ന വിധത്തിലാണ് ഹോട്ടലിന്റെ ക്രമീകരണം. ഏത് ഭാഗത്ത് നിന്നാലും ഏതെങ്കിലും ഒരു ദൃശ്യം ലഭ്യമാകും. റൺവെയ്ക്ക് അഭിമുഖമായുള്ള 440 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഡൈനിംഗ് ഹാളും, രണ്ട് ബോർഡ് റൂമുകളും ഹോട്ടലിന്റെ പ്രധാന ആകർഷണീയതയാണ്.

മൾട്ടി സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്, കോഫി ഷോപ്പുകൾ, ബാർ, സിമ്മിംഗ് പൂൾ, ജിംനേഷ്യം, സലൂൺ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. നേരത്തെ വാണിജ്യ സമുച്ചയത്തിനായി നിർമ്മാണം ആരംഭിച്ച കെട്ടിടമാണ് വിപണന സാദ്ധ്യതകൾ വിലയിരുത്തി പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുന്നത്. കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് മോക് അപ്പ് മുറികളും സജ്ജമായിട്ടുണ്ട്.

 4 ഏക്കർ സ്ഥലം

 ചെലവ്: 30 കോടി രൂപ

 112 മുറികൾ

 വിസ്തീർണം : 2.04 ലക്ഷം ചതുരശ്രയടി