cycle
പ്രതി സൈക്കിൾ മോഷ്ടിച്ചുകൊണ്ടുപോകുന്ന സി.സി ടി.വി ദൃശ്യം

ആലുവ: 35,000 രൂപയുടെ സൈക്കിൾ മോഷ്ടിച്ച് വിറ്റയാളെ ഉടമ തന്നെ പിടികൂടി പൊലീസിന് കൈമാറിയിട്ടും കേസെടുക്കാതെ വിട്ടത് വിവാദമായി. ആലുവ ഈസ്റ്റ് പൊലീസിന്റെ വിചിത്രമായ നടപടിക്കെതിരെ സൈക്കിൾ ഉടമ ആലുവ സീനത്ത് തീയറ്ററിന് സമീപം കെ.എസ്.ടി പ്രൈഡ് ഫ്ളാറ്റിൽ താമസിക്കുന്ന ആദിൽ ബഷീർ എസ്.പിക്ക് പരാതി നൽകി.

കോലഞ്ചേരി സ്വദേശി അജയനെ (32)യാണ് തൊണ്ടിമുതൽ കിട്ടിയില്ലെന്ന പേരിൽ പരാതിക്കാരനെ പോലും അറിയിക്കാതെയും കേസെടുക്കാതെയും പൊലീസ് പറഞ്ഞുവിട്ടത്. കഴിഞ്ഞ നാലാം തീയതിയായിരുന്നു മോഷണം. രാത്രി ഫ്ളാറ്റിലെ മുറിക്കകത്ത് സൂക്ഷിച്ചിരുന്ന സൈക്കിൾ രാവിലെ 8.15ഓടെയാണ് ആദിൽ പുറത്തെ വരാന്തയിലേക്ക് ഇറക്കിവച്ചത്. എട്ടരയോടെ ജീൻസും ഷർട്ടും ധരിച്ച് പുറത്ത് ബാഗും തൂക്കിയെത്തിയ യുവാവ് മുകളിലെ നിലവരെ നടന്നുകയറിയ ശേഷം തിരികെ സൈക്കിളുമായി ഇറങ്ങുന്ന സി.സി ടി.വി ദൃശ്യം സഹിതം അന്ന് തന്നെ ആദിൽ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ഒരാളെ സംശയമുണ്ടെന്നും ഇന്ന് ചിത്രം പ്രചരിച്ചാൽ സംശയിക്കുന്നയാൾ മുങ്ങുമെന്നും പറഞ്ഞാണ് പിന്തിരിപ്പിച്ചതെന്ന് ആദിൽ പറയുന്നു.

തൊട്ടടുത്ത ദിവസം ആദിൽ സോഷ്യൽ മീഡിയയിൽ മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം സഹിതം പോസ്റ്റ് ചെയ്തതിനെ തുടർന്ന് മുടിക്കൽ ഭാഗത്തെ ഒരു ആക്രിക്കച്ചവടക്കാൻ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. 12,500 രൂപയ്ക്ക് പുതിയ സൈക്കിൾ നൽകാമെന്ന് പറഞ്ഞെത്തിയെങ്കിലും ആക്രിക്കടക്കാരൻ എടുത്തിരുന്നില്ല. അടുത്ത ദിവസം ആക്രി സാധനങ്ങളുമായി ഇയാൾ വീണ്ടുമെത്തിയപ്പോൾ കടയുടമ ആദിലിനെ വിവരമറിയിച്ചു. തുടർന്ന് ആലുവ പൊലീസുമായെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് ആദിലിന്റെ വാഹനത്തിൽ പ്രതിയുടെ വീട്ടിൽ ഉൾപ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും സൈക്കിൾ കണ്ടെടുക്കാനായില്ല. മൂവാറ്റുപുഴയിലെ ബാറിന് സമീപത്ത് വച്ച് ഒരാൾക്ക് വിറ്റെന്നായിരുന്നു മൊഴി.

കേസെടുത്താൽ സൈക്കിൾ തുരുമ്പിച്ച ശേഷമേ മടക്കി ലഭിക്കൂവെന്ന് പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാതെ വൈകിപ്പിച്ച പൊലീസ് തൊണ്ടി കിട്ടാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ പറഞ്ഞുവിടുകയായിരുന്നു.