പറവൂർ: നഗരസഭ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നഗരപ്രദേശത്തെ കൊവിഡ് രോഗികൾക്കായി ആരംഭിച്ച ഹോംകെയർ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന വാഹനത്തിന്റെ പ്രവർത്തനം തുടങ്ങി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഫ്ളാഗ്ഓഫ് ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്യാമള ഗോവിന്ദൻ, സജി നമ്പ്യത്ത്, അനു വട്ടത്തറ, ബീന ശശീധരൻ, കൗൺസിലർമാരായ ഇ.ജി. ശശി, മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ക്രിസ്റ്റസ്, മാർക്കറ്റിംഗ് മാനേജർ ജസ്‌വിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് ബാധിതരുടെ വീടുകളിലെത്തി വിറ്റാമിൻ ഗുളികകളും മരുന്നുകളും നൽകും. ഓക്സിജൻ ലെവൽ, ബി.പി എന്നിവ പരിശോധിക്കും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റിനും വാഹനത്തിൽ സൗകര്യമുണ്ട്.