കൊച്ചി: നഗരത്തിൽ കുടിവെള്ള വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന ആദ്യഘട്ട പ്രവർത്തനം പൂർണതയിലേക്ക്. ഈ മാസംതന്നെ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന നടപടി പൂർത്തിയാകും. നഗരത്തിൽ പൈപ്പ് പൊട്ടലും വെള്ളംമുടങ്ങലും പതിവ് സംഭവമായതോടെയാണ് സ്മാർട്ട് മീറ്ററുകൾ എന്ന ആശയം കൊണ്ടുവന്നത്. 2018ൽ ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. 2020 നവംബറിൽ പദ്ധതിക്ക് തുടക്കമിട്ടു.

 സി.എസ്.എം.എൽ സഹായിക്കും

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) സഹായത്തോടെ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ 502 സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ഭൂരിഭാഗവും വച്ചുകഴിഞ്ഞു. പത്തെണ്ണമേ ഗാർഹിക കണക്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ളു. ബാക്കിയെല്ലാം വിതരണശൃംഖലയിലാണ്. ആദ്യഘട്ടത്തിൽ കൊച്ചിൻ കോർപ്പറേഷൻ പരിധിയിലുള്ള തേവരഫെറി ഭാഗത്തേക്കുള്ള കുടിവെള്ള കണക്ഷനുകളിലാണ് സ്ഥാപിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ കുടിവെള്ളപൈപ്പ് പൊട്ടുന്നതടക്കമുള്ള പ്രശ്‌നങ്ങൾ കൂടുതലുള്ള മേഖലയാണ് ഇത്. അതിനാൽ സ്മാർട്ട് മീറ്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാണോയെന്ന് കൃത്യമായി മനസിലാക്കാനാവും.

 മറ്റു സ്ഥലങ്ങളിലേക്കും

പള്ളിമുക്കിലുള്ള ജലഅതോറിട്ടിയുടെ പബ്ളിക് ഹെൽത്ത് ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പള്ളിമുക്ക്‌, വൈറ്റില, കരുവേലിപ്പടി, കലൂർ,കൊച്ചി ഡിവിഷനുകളിലേക്ക് പിന്നീട് വ്യാപിപ്പിക്കും.


 പ്രവർത്തനം ഇങ്ങനെ

ടാപ്പിനും പൈപ്പ് ലൈനിനും ഇടയിൽ സ്മാർട്ട് ചിപ്പ് സ്ഥാപിക്കും. അതുവഴി ജല ഉപഭോഗത്തിന്റെ അളവ് കൃത്യമായി കണക്കാക്കാനാവും. ഉറവിടത്തിലും പൈപ്പ് ലൈനിലുമൊക്കെ ചിപ്പ് സ്ഥാപിക്കുന്നതിനാൽ വിതരണം മുടങ്ങിയാലോ പൈപ്പ് പൊട്ടിയാലോ വെള്ളമൂറ്റൽ നടന്നാലോ അറിയാനാകും. വ്യവസായിക സ്ഥാപനങ്ങളും ഹോട്ടലുകളും വലിയ രീതിയിൽ വെള്ളമൂറ്റുന്നുണ്ടെന്നാണ് ജലഅതോറിട്ടിയുടെ ആരോപണം.

 വരുമാന, വിതരണ നഷ്ടമൊഴിവാകും

സ്മാർട്ട് മീറ്ററുകൾ വ്യാപകമാവുന്നതോടെ മീറ്റർ റീഡിംഗിനായി ജീവനക്കാരില്ലെന്ന പ്രശ്‌നത്തിന് പരിഹാരമാകും.
ഗിയർ മീറ്ററുകളാണ് ജല അതോറിറ്റിയുടെ കണക്ഷനുകളിൽ ഭൂരിഭാഗവും. പൈപ്പുലൈനിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശക്തിയനുസരിച്ച് റീഡിംഗ് കണക്കാക്കുന്ന പഴയ രീതിയാണത്. എന്നാൽ ഇതിൽ ഒഴുകുന്ന വെള്ളത്തിന്റെ എഴുപത് ശതമാനം കണക്ക് മാത്രമേ രേഖപ്പെടുത്താനാവൂ. ഇതുവഴി വലിയ രീതിയിലുള്ള വരുമാന നഷ്ടമാണുള്ളത്. എന്നാൽ സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നതോടെ ജല ഉപഭോഗത്തിന്റെ അളവ് കൃത്യമായി കണക്കാക്കാൻ കഴിയും അതനുസരിച്ചുള്ള ബില്ലും നൽകാം. വിതരണനഷ്ടവും ഒഴിവാക്കാനാവും.