കൊച്ചി: ലോട്ടറി തൊഴിലാളികളെ വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക, എഴുത്തുലോട്ടറി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ 60 കേന്ദ്രങ്ങളിൽ നിൽപു സമരം നടത്തി. കലൂർ ബസ് സ്റ്റാന്റിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ.മണിശങ്കർ ഉദ്ഘാടനം ചെയ്തു. ലോട്ടറി ജില്ലാ ഓഫീസിനു മുൻപിൽ യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ്.മോഹനനും മൂവാറ്റുപുഴ സബ് ജില്ലാ ഓഫീസിനു മുൻപിലെ സമരം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എം.ദിലീപും, പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ യൂണിയൻ ജില്ലാ ട്രഷറർ കെ.മുരുകനും ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി.ഉദയനും കോതമംഗലത്ത് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.എ.ജോയിയും അടക്കം സി.ഐ.ടി.യുവിന്റെയും ജില്ലാ യൂണിയന്റെയും നേതാക്കളും നൂറുകണക്കിന് തൊഴിലാളികളും പങ്കെടുത്തു.