പറവൂർ: ശക്തമായ മഴയുടെ സാഹചര്യത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉയർത്തണമെന്ന ആവശ്യം ശക്തമായി. പന്ത്രണ്ട് ഷട്ടറുകളിൽ നാലെണ്ണം മാത്രമേ നിലവിൽ ഉയർത്തിയിട്ടുള്ളൂ. എല്ലാ ഷട്ടറുകളും ഉയർത്താതിരിക്കുന്നത് വെള്ളക്കെട്ടിനും കാർഷിക നാശത്തിനും കാരണമാകും. പുത്തൻവേലിക്കര, കുന്നുകര, കുഴൂർ, പൊയ്യ പഞ്ചായത്തുകളുടെ പ്രദേശങ്ങളിൽ പ്രതിസന്ധി ഉണ്ടാകുമെന്നുകാട്ടി കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പെരിങ്ങൽകുത്ത് ഡാം കൂടി തുറക്കുന്നതോടെ കൂടുതൽ വെള്ളം പുഴയിലേക്ക് എത്തുമ്പോൾ വെള്ളക്കെട്ട് രൂക്ഷമാകും. പുഴയുടെ ഒഴുക്ക് സുഗമമായാലേ പ്രശ്നങ്ങൾ ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാനാകൂ. കണക്കൻകടവ് ഷട്ടർ മാനേജ്മെന്റ് മേജർ ഇറിഗേഷൻ വകുപ്പ് കൃത്യമായി ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
തുരുത്തിപ്പുറത്ത് ഓരുജല ഭീഷണി
തുരുത്തിപ്പുറം, വെള്ളോട്ടുംപുറം പ്രദേശത്തെ ഓരുജല ഭീഷണിക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മഴക്കാലത്ത് മഴവെള്ളവും വേനലിൽ ഓരുവെള്ളവും കയറുന്ന പ്രദേശം ഫലത്തിൽ വർഷം മുഴുവൻ വെള്ളക്കെട്ടിലാണ്. പതിറ്റാണ്ടുകളായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നേയില്ല. ചില ദിവസങ്ങളിൽ രാത്രി ഉറങ്ങുന്ന സമയത്തു വീടുകളിൽ വെള്ളമെത്തും. ശക്തമായ വേലിയേറ്റത്തിൽ വെള്ളോട്ടുംപുറത്തു മാത്രം നൂറിലേറെ വീടുകളിൽ ഓരുജലം കയറും. കുറച്ചു വർഷങ്ങളായി വെള്ളം ഉയരുന്നതിന്റെ അളവ് വർദ്ധിച്ചു. ഉപ്പുവെള്ളം കെട്ടിക്കിടന്ന് ചില വീടുകളുടെ ഭിത്തികൾക്ക് പൊട്ടലുണ്ടായി. കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടോയെന്ന ആശങ്കയുമുണ്ട്. പതിവായി ഓരുജലം കയറിക്കിടന്ന മണ്ണിൽ കൃഷിചെയ്യാൻ കഴിയുന്നില്ല. കിണർ, കുളം തുടങ്ങിയ ജലസ്രോതസുകളിലെ വെള്ളം ഉപയോഗിക്കാനാകുന്നില്ല. നാട്ടുകാരും ജനപ്രതിനിധികളും ഒട്ടേറെ നിവേദനങ്ങളും പരാതികളും പലതവണ അധികാരികൾക്കു നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ശാസ്ത്രീയപഠനത്തിൽ പ്രതീക്ഷ
ഇവിടെ പൊതുപ്രവർത്തകരുടെയും കോളേജ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടക്കുന്ന ശാസ്ത്രീയപഠനം പ്രതീക്ഷ നൽകുന്നു. ഇതിന്റെ തുടർച്ചയായി ലക്ഷ്യം കൈവരിക്കാൻ രംഗത്തിറങ്ങുന്നതിന് പുത്തൻവേലിക്കര റെസിഡന്റ്സ് സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.