അങ്കമാലി: ഇടമലയാർ കനാൽ ബണ്ടിൽ മാലിന്യം കുന്നുകൂടുന്നു. നഗരസഭ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല. നഗരസഭ ആറ്, ഏഴ് വാർഡുകളിലൂടെ കടന്നുപോകുന്ന ഇടമലയാർ കനാൽ ബണ്ടിന്റെ വശങ്ങളിലാണ് വ്യാപകമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത്. മാലിന്യം തളുന്നവരെ നാട്ടുകാർ കാവൽ നിന്ന് കണ്ടെത്തി താക്കീത് ചെയ്തുവിടുകയും നഗരസഭ അധികൃതർക്ക് പരാതി നൽകുകയും ചെയ്തെങ്കിലും ഇരുട്ടിന്റെ മറവിൻ ബൈക്കിലും മറ്റു വാഹനങ്ങളിലും മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുകയാണ്. വീടുകൾ ഒഴിഞ്ഞ ഇടങ്ങളിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. നിരീക്ഷണകാമറകൾ സ്ഥാപിച്ച് സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നടപടി സ്വികരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.