കളമശേരി: സർവകലാശാല രൂപീകരിക്കപ്പെട്ട കാലത്ത് ലക്ഷ്യമിട്ട മേഖലകളിലെ വളർച്ചയും തളർച്ചയും പരിശോധിച്ച് പുതിയ കാലത്തിന് അനുസൃതമായി മുന്നോട്ടു പോകാൻ തയ്യാറെടുക്കണമെന്ന് വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ്. കുസാറ്റ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരണ പ്രക്രിയയിൽ ലോകമെമ്പാടുമുള്ള പൂർവവിദ്യാർത്ഥികളുടെ പങ്കാളിത്തം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായ കുസാറ്റ് സർക്കാർ വിഭാവന ചെയ്യുന്ന നവവൈജ്ഞാനിക സമൂഹനിർമ്മാണത്തിനായി തയ്യാറാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഭാവിയിൽ സർക്കാർ തുടങ്ങാൻ ഉദ്ദേശിക്കുന്ന 30 ഇന്റർ ഡിസിപ്ലിനറി അന്തർ സർവകലാശാലാ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടവ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊച്ചി കപ്പൽശാലാ സി.എം.ഡി. മധു .എസ്.നായർ, വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ, പ്രൊ വൈസ് ചാൻസലർ പി.ജി.ശങ്കരൻ, കൊച്ചി മേയർ അഡ്വ എം.അനിൽകുമാർ, സിൻഡിക്കേറ്റ് അംഗം ആർ.പൂർണിമ നാരായണൻ, രജിസ്ട്രാർ ഡോ.വി.മീര , ഗായത്രി രാജീവ് എന്നിവർ സംസാരിച്ചു.