കൊച്ചി: ഇടപ്പള്ളി- മൂത്തകുന്നം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നടപടികൾ നീളുന്നു. സ്ഥലം ഏറ്റെടുക്കൽ 95ശതമാനത്തോളം പൂർത്തിയായി, നിർമ്മാണ ജോലികളുടെ ടെൻഡർ നടപടികളായി, എന്നിട്ടും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. 2021ൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇനിയും രണ്ടും വർഷമെങ്കിലും താമസം വരുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്.
ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ഭാഗത്തെ കൊടുംവളവുകളിലും മറ്റും അപകടങ്ങൾ തുടർക്കഥയായതോടെയാണ് പാതവികസനത്തിന് തുടക്കമായത്. 2005ൽ വിഭാവനം ചെയ്ത പദ്ധതി പലകാരണങ്ങളാൽ നീളുകയായിരുന്നു. 2018 മുതലാണ് പാത വികസനം സംബന്ധിച്ച നടപടികൾക്ക് വീണ്ടും അനക്കം വെച്ചത്. എന്നാൽ, സ്ഥലമേറ്റെടുപ്പ് നടപടികൾ ഏറെ ദൂരം പിന്നിട്ടിട്ടും നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചത് കഴിഞ്ഞയാഴ്ചയാണ്.
ഇതുവരെയുള്ള നടപടികൾ
സ്ഥലമേറ്റെടുപ്പ് അറിയിപ്പ്
സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കൽ
ഏറ്റെടുക്കൽ (90%)
നഷ്ടപരിഹാരം പ്രഖ്യാപിക്കൽ
നിർമ്മാണ ജോലികൾക്ക് ടെൻഡർ ക്ഷണിക്കൽ
ഇനി നടക്കാനുള്ളത്
ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരം നൽകണം
കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ
ചേരാനല്ലൂർ, കോട്ടുവള്ളി, വരാപ്പുഴ, വടക്കേക്കര, ആലങ്ങാട് പഞ്ചായത്തുകൾ
പറവൂർ മുൻസിപ്പാലിറ്റി
ഇടപ്പള്ളി
എതിർപ്പുകൾ
പ്രദേശവാസികളുടെയും, വ്യാപാരികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ എതിർപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു. പാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ എതിർപ്പുയർത്തിയത് പരിസ്ഥിതി സമരസമിതി ആയിരുന്നു. പാത വികസിപ്പിക്കൽ വേണ്ടെന്നും ആകാശപാത മതിയെന്നുമായിരുന്നു ഇവരുടെ പക്ഷം.
നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. പ്രദേശ വാസികളുടെ എതിർപ്പ് ശക്തമായിരുന്നു. അതാണ് കാലതാമസം നേരിട്ടത്. ഉമാശങ്കർ കെ.ഡി (കോംപറ്റന്റ് അതോറിറ്റി ഫോർ ലാൻഡ് അക്വിസിഷൻ)
ദേശീയപാത അതോറിറ്റിയുടെ ഭാഗത്തു നിന്നുള്ള നടപടികൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ലാൻഡ് അക്വിസിഷൻ അധികൃതരുടെ ഭാഗത്തു നിന്നാണ് കാലതാമസം നേരിട്ടത്. (എൻ.എച്ച്.എ.ഐ)