കോലഞ്ചേരി: ടി.പി.ആർ ചലഞ്ചിലൂടെ കൊവിഡിനെ പിടിച്ചു കെട്ടി പൂതൃക്ക പഞ്ചായത്ത് ജില്ലയിലെ ഏ​റ്റവും കുറഞ്ഞ പരിശോധനാനിരക്ക് സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരിശോധനയിൽ 1.74 ആണ് നിരക്ക്. ചൊവ്വയും വെള്ളിയും നടത്തുന്ന പതിവ് കൊവിഡ് പരിശോധനകൾക്ക് പുറമെ രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിലും പോസി​റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിലും പരിശോധനാസംഘം നേരിട്ടെത്തിയാണ് പരിശോധനകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ പരിശോധനാനിരക്ക് അഞ്ച് ശതമാനത്തിലെത്തിയിരുന്നു. തുടർന്ന് എ കാ​റ്റഗറിയിൽ നിന്ന് ബി കാ​റ്റഗറിയിലേയ്ക്ക് മാറി. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസത്തെ ഏറ്റവും കൂടിയ പരിശോധനാനിരക്ക് 3.33 ശതമാനംമാത്രമായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.

കൂടുതൽ പരിശോധനകൾക്കായി ഒൗട്ട്റീച്ച് പ്രവർത്തനങ്ങളും ക്യാമ്പുകളുമായി ടീം പൂതൃക്ക സജീവമായതോടെ ജില്ലയിൽ ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് ഏ​റ്റവും കുറഞ്ഞ പഞ്ചായത്ത് എന്നനിലയിൽ മികവ് നേടി. കുന്നത്തുനാട്ടിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ ഏ​റ്റവും കുറവ് രോഗികളുള്ളതും ഇവിടെയാണ്. പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും പിന്തുണയോടെ പ്രതിരോധ നിയന്ത്റണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ആദർശ് രാധാകൃഷ്ണൻ അറിയിച്ചു.