മൂവാറ്റുപുഴ: കുട്ടികളിൽ സംരംഭകത്വം വളർത്തുന്നതിനായി നിർമ്മല കോളേജിലെ കൊമേഴ്‌സ് സ്വാശ്രയവിഭാഗം സീഡ് എന്ന പേരിൽ ഓൺലൈൻ വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. ഇന്നുമുതൽ 22 വരെയാണ് പരിപാടി. കേരളത്തിലെ വ്യവസായിക പ്രമുഖർ ഈ ദിവസങ്ങളിൽ സൂം ഫ്‌ളാറ്റ് ഫോമിലൂടെ കുട്ടികളുമായി സംവാദിക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, (ചെയർമാൻ വി ഗാർഡ്) , ജോൺ കുര്യാക്കോസ് (മാനേജിംഗ് ഡയറക്ടർ, ഡെന്റ് കെയർ) , ജിർലോ ജയൻ (മാനേജിംഗ് പാർട്ണർ, ഫുഡ് ഹോക്കർ ആൻഡ് ഫുഡ് പാക്‌സ്) . ബിജു പി. എബ്രഹാം (ജനറൽ മാനേജർ, ജില്ല ഇൻഡസ്ട്രീസ് സെന്റർ), ഡോ. ദീപാ ഉണ്ണിത്താൻ തുടങ്ങിയ വ്യവസായ പ്രമുഖരുമായുള്ള തുറന്നചർച്ച പുതുതലമുറക്ക് കൂടുതൽ പ്രചോദനമാകുമെന്ന് പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി അറിയിച്ചു.