kk

 200 കുടുംബങ്ങൾക്ക് മാസം 2,000 രൂപ വീതം നൽകും

കൊച്ചി: എറണാകുളം ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സന്മനസ്സ് വിദ്യാലയങ്ങൾക്കാകെ മാതൃകയാവുകയാണ്. കൊവിഡിൽ ദുരിതത്തിലായ 200 വി​ദ്യാർത്ഥി​കളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ വീതം ധനസഹായം നൽകാനാണ് ഇവരുടെ തീരുമാനം.

അദ്ധ്യാപകർ ഉൾപ്പെടെ 102 ജീവനക്കാർ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം ഇതിനായി നീക്കിവച്ചു. കൊവിഡ് ദുരിതാശ്വാസത്തിനായി എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി ഈ ആഴ്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ, ടാബ്, ടിവി തുടങ്ങി​യവ നൽകി​യി​രുന്നു. പക്ഷേ, പലരുടെയും വീട്ടി​ലെ ദുരിതാവസ്ഥ അറിഞ്ഞത് വൈകി​യാണ്. പരിഹാരശ്രമവുമായി ജീവനക്കാരെല്ലാം ഒറ്റക്കെട്ടായതോടെ ധനസമാഹരണം ശരവേഗത്തിലായി. മൂന്നു മാസം ധനസഹായം നൽകാനുള്ള പണം കണ്ടെത്തിക്കഴിഞ്ഞു. കെ.പി​. അജേഷ്, ഡി​. സജു, ടി​. സർജു, ഹെഡ്മി​സ്ട്രസ് എം.സി​. ബീന എന്നി​വരുൾപ്പെട്ട കമ്മി​റ്റി​യാണ് പി​ന്നി​ൽ. സ്കൂളിലെ 3,500 വിദ്യാർത്ഥികളിൽ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളെയാണ് ജീവനക്കാർ ഹൃദയത്തോട് ചേർത്തു നിറുത്തുന്നത്.

എന്നും മുന്നിൽ

സാധാരണക്കാരായ കുട്ടി​കൾ പഠി​ക്കുന്ന വി​ദ്യാലയമാണി​ത്. പക്ഷേ, റി​സൾട്ടി​ന്റെ കാര്യത്തി​ൽ എന്നും മുന്നാക്കം. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും ഇതു തന്നെ. ഹയർ സെക്കൻഡറിയിലും കൂടുതൽ വിദ്യാർത്ഥികളുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിലും എ പ്ലസ് വാങ്ങുന്നതിലും സ്കൂൾ മുന്നിലാണ്. 615 വിദ്യാർത്ഥികൾ അഞ്ചുമുതൽ എട്ടുവരെ ക്ളാസുകളി​ൽ പുതുതായി ചേർന്നു.

"

കൊവിഡിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. വിദ്യാർത്ഥികളുടെ ദുരവസ്ഥ അറിഞ്ഞതോടെ ഈ പദ്ധതിക്ക് രൂപം നൽകുകയായിരുന്നു.

ഇ.ജി​. ബാബു, പ്രി​ൻസി​പ്പൽ

എസ്.എൻ.ഡി.പി സ്കൂൾ

ഉദയംപേരൂർ