കൊച്ചി: മൂന്ന് നേരം പോഷകആഹാരം. കുടിക്കാൻ പാൽ. യാത്ര പോകുമ്പോൾ ഒപ്പം കൂട്ടൽ. ഇങ്ങനെ വളർത്തുമൃഗങ്ങളെ പൊന്നോമനകളായി പരിചരിക്കുന്നവർ ഏറെയാണ്. എന്നാൽ അതിരുവിട്ടാൽ പണിപാളും. ജന്തുജന്യ രോഗങ്ങൾ ഏതു നിമിഷവും പിടികൂടിയേക്കും. ഈ രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
സൂക്ഷിക്കണം എലിപ്പനി
പകർച്ച വ്യാധികളിൽ മൂന്നിൽ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, സ്ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ എന്നിവയാണ് കേരളത്തിൽ സാധാരണയായി റിപ്പോർട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങൾ. ജില്ലയിൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് എലിപ്പനിയാണ്. ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നോക്കുന്നവർ, കർഷതൊഴിലാളികൾ തുടങ്ങിയവർ നിർബന്ധമായും ആഴ്ചയിൽ ഒരു തവണ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ കഴിക്കണമെന്നാണ് നിർദേശം. പ്രതിരോധ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ പാടില്ല.
വേഗത്തിൽ പടരും
തൊഴിൽ, ഭക്ഷണം, മൃഗപരിപാലനം, വിദ്യാഭ്യാസം, വിനോദം, വനം വന്യജീവി സംരക്ഷണം ഇങ്ങനെ പല മേഖലകളിലായി അറിഞ്ഞും അറിയാതെയും മനുഷ്യർ മൃഗങ്ങളുമായി ഇടപഴകുന്നു. മൃഗങ്ങളോടൊപ്പം ഇടപഴകുമ്പോൾ വൈറസ്, ബാക്ടീരിയ, പരാദങ്ങൾ തുടങ്ങിയ രോഗാണുക്കൾ മനുഷ്യരിലേക്ക് വേഗത്തിൽ പടരും.ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അറിവുണ്ടായാൽ മാത്രമേ അവയെ പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
മുൻകരുതലുകൾ
• മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകൾ എന്നിവിടങ്ങളിലുള്ള ഇടപെടലുകൾ, വളർത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം
• മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാൽ ഉടൻ തന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം
• മുഖത്തോട് ചേർത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാൻ അവയെ അനുവദിക്കരുത്
• 5 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോൾ ശ്രദ്ധ പുലർത്തണം
• മൃഗങ്ങളിൽ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം
•വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി എടുക്കണം
• വനമേഖലയിൽ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോൾ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം