തോപ്പുംപടി: രോഗികൾ കുറഞ്ഞതോടെ പശ്ചിമകൊച്ചി ആശ്വാസ തീരത്തേക്ക്. ഇന്നലെ 50 ൽ താഴെ മാത്രം രോഗികളാണ് പശ്ചിമകൊച്ചിയിൽ റിപ്പോർട്ട് ചെയ്തത്. 500 വരെ എത്തി നിന്ന സ്ഥലത്തു നിന്നാണ് 50ലേക്ക് എത്തിയത്. പൊലീസ് ഉദ്യാഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും ശക്തമായ ഇടപെടലുകളാണ് രോഗികൾ കുറയാൻ ഇടയായത്. തുറന്ന കടകളിൽ പൊലീസ് പരിശോധന ശക്തമാക്കി. സാനിറ്റൈസർ നൽകാത്ത കടക്കാർക്ക് മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ എത്തിയാണ് മുന്നറിയിപ്പ് നൽകുന്നത്. പണമിടപാടുകൾ നടത്തുന്ന കടകളിൽ സാനിറ്റൈസറും ഡബിൾ മാസ്കും നിർബന്ധമാക്കി. പണമിടപാടുകൾ എ.ടി.എം കാർഡ്, ഗൂഗിൾ പേ, ഫോൺ പേ വഴിയോ നടത്തണമെന്ന് ഉപഭോക്താക്കൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിവറേജിനു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധന ഊർജിതമാക്കി. ഇന്നലെ പള്ളുരുത്തിയിൽ 12 പേരും ഫോർട്ടുകൊച്ചിയിൽ 6 പേരും മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ചെല്ലാനം, ഇടക്കൊച്ചി, പനയപ്പിള്ളി, പെരുമ്പടപ്പ്, കരുവേലിപ്പടി, കുമ്പളങ്ങി, തോപ്പുംപടി, മട്ടാഞ്ചേരി, മുണ്ടംവേലി തുടങ്ങിയ ഓരോ സ്ഥലങ്ങളിലും 5 ൽ താഴെ രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഫോർട്ട് കൊച്ചി ബീച്ച് ഭാഗത്ത് എത്തിയ എല്ലാ വാഹനങ്ങളും പൊലീസ് ഇടപെട്ട് തിരിച്ചു വിട്ടു. ബീച്ചിലേക്കും ആർക്കും പ്രവേശനം നൽകിയില്ല. റോ റോ പതിവ് പോലെ സർവീസ് നടത്തുന്നുണ്ട്.