police

ആലുവ: ജീപ്പിലിരിക്കുന്ന പൊലീസ് ഡ്രൈവർക്ക് നടുറോഡിൽ നിന്നും തെരുവ് നായ സല്യൂട്ട് അടിക്കുന്ന ചിത്രവുമായി കേരള പൊലീസിന്റെ അടിക്കുറിപ്പ് മത്സരം വൈറലായി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത് 15 മണിക്കൂറിനകം 64,000 പേർ ലൈക്ക് അടിച്ചപ്പോൾ 28,000 പേർ അടിക്കുറിപ്പെഴുതി മത്സരത്തിൽ പങ്കാളികളായി. 1800 പേർ ചിത്രം ഷെയർ ചെയ്യുകയും ചെയ്തു.

ആലുവ - പറവൂർ റോഡിൽ യു.സി കോളേജിന് സമീപത്ത് നിന്നും ആലുവ സ്റ്റേഷനിലെ പൊലീസുകാരൻ വി.ജി. ദീപേഷ് പകർത്തിയ ചിത്രമാണ് വൈറലായത്. റോഡിന് നടുവിൽ തെരുവ് നായയെ കണ്ട് പൊലീസ് ജീപ്പ് നിർത്തിയപ്പോഴാണ് നായ രണ്ട് കാലിൽ നിന്ന് പൊലീസ് ഡ്രൈവറെ സല്യൂട്ട് ചെയ്തത്. ഈ സമയം ജീപ്പിലുണ്ടായിരുന്ന ദീപേഷ് പുറത്തിറങ്ങി കൗതുകത്തിന് മൊബൈൽ ഫോണിൽ ചിത്രം പകർത്തി. ചിത്രം പൊലീസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ കൂടുതൽ സഹപ്രവർത്തകർ അറിഞ്ഞു. ഇതോടെ ഇന്നലെ വൈകുന്നേരം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ 'ഈ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ, സമ്മാനം നേടൂ' എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

രസകരമായ തലക്കെട്ടുകളാണ് കമന്റുകളായി എത്തിയിട്ടുള്ളത്. ഇതിൽ നിന്നും സമ്മാനാർഹരെ തിരഞ്ഞെടുക്കണമെങ്കിൽ പൊലീസിന് പ്രത്യേക ഏജൻസിയെ തന്നെ നിയോഗിക്കേണ്ടി വരും. 12,000 ലൈക്ക് കിട്ടിയ അടിക്കുറിപ്പുകളും ഇക്കൂട്ടത്തിലുണ്ട്. 'സാറേ... നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാൽ ഞാൻ പൊളിക്കും, ആ ജർമ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ... കഞ്ചാവിന്റെ മണം ഞാൻ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പൊലീസിലെടുക്കു പ്ലീസ്.... സുരേഷ് പിള്ളയെഴുതിയ ഈ അടിക്കുറിപ്പിനാണ് 12 കെ ലൈക്ക് ലഭിച്ചത്.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന അടിക്കുറിപ്പുകളും ഇക്കൂട്ടത്തിലുണ്ട്. അജിത്ത് കുമാർ കാസർകോട് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. 'എന്റെ പൊന്നു സാറെ ക്ഷമിക്കണേ... ഇനി ഞാൻ ആവർത്തിക്കില്ല..... മഴയത്ത് മാസ്‌ക് നനഞ്ഞപ്പോൾ ഊരി മാറ്റിയതാണ് സാറേ... സാറേ'.