cowin

കൊച്ചി: കഴിഞ്ഞ ആഴ്ചയാണ് കളമശേരി കോമ്പാറ സ്വദേശി രവി (യഥാർത്ഥ പേരല്ല) വാക്സിൻ രജിസ്ട്രേഷനായി കൊവിൻ സൈറ്റ് ഉപയോഗിച്ചത്. പേരും വിവരങ്ങളും നൽകി. തിരിച്ചറിയൽ രേഖയായി ആധാർ നമ്പറും രേഖപ്പെടുത്തി. പക്ഷേ രജിട്രേഷൻ പൂർത്തിയായില്ല. രവിയുടെ ആധാർ നമ്പർ ഉപയോഗിച്ച് മറ്റാരോ വാക്സിൻ എടുത്തതാണ് പണിയായത്. ആധാർ മാത്രം തിരച്ചറിയൽ രേഖയായുള്ള രവി ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം പരാതി ഉയർന്നിട്ടും രജിസ്ട്രേഷനിലെ പോരായ്മ പരിഹരിക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല.

രജിസ്‌ട്രേഷനായി നൽകുന്ന തിരിച്ചറിയൽ രേഖ രജിസ്റ്റർ ചെയ്യുന്ന ആളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള മാർഗം കൊവിൻ ആപ്പിലില്ല. ഈ പരിമിതിയാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ആധാറും പാൻകാർഡും വോട്ടർ ഐഡിയുമടക്കം എട്ട് തിരിച്ചറിയൽ രേഖകൾ രജിസ്ട്രേഷനായി ഉപയോഗിക്കാം. രജിസ്റ്റർ ചെയ്യുന്ന തിരിച്ചറിയൽ രേഖയുടെ നമ്പരും രജിസ്റ്റർ ചെയ്യുന്നയാളും തമ്മിൽ ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. ഒരൊറ്റ തിരിച്ചറിയൽ രേഖ മാത്രമുളളവർക്കാണ് ഇതിലൂടെ നഷ്ടം സംഭവിക്കുന്നത്.

പാസ്‌പോർട്ട് നമ്പറാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതെങ്കിൽ നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ച് വിദേശ യാത്രകൾ പോലും തടസപ്പെടുന്ന അവസ്ഥയാണ്. ഉത്തരേന്ത്യക്കാരാണ് കൂടുതലും ഈ വിധം തട്ടിപ്പിലൂടെ വാക്സിൻ സ്വീകരിക്കുന്നത്.

വാക്‌സിൻ എടുക്കുന്നതിലും തട്ടിപ്പ്

മലയാളികളുടെ ആധാർ ഉപയോഗിച്ച് ഉത്തരേന്ത്യയിൽ വാക്‌സിൻ എടുക്കുന്ന തട്ടിപ്പിന് സംസ്ഥാനത്ത് കൂടുതൽ പേർ ഇരകളായതായാണ് ഹ്യൂമൻ റൈറ്റ്‌സ് ഫോറം എന്ന എൻ.ജി.ഒയുടെ കണ്ടെത്തൽ. എറണാകുളം ചേരാനെല്ലൂർ സ്വദേശി ബിനിൽ തട്ടിപ്പിന് ഇരയായ ശേഷമാണ് ഇവർ ഇക്കാര്യം പുറത്തുവിട്ടത്. വാക്‌സിനെടുക്കാനായി ആധാർ കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യവേയാണ് ഒന്നാം ഡോസ് വാക്‌സിൻ എടുത്തുവെന്ന മെസേജ് ബിനിൽ കണ്ടത്. ബിനിലിന്റെ ആധാർ കാർഡ് ഉപയോഗിച്ച് അരുൺ ഖോർപഡെ എന്ന ഉത്തരേന്ത്യക്കാരനാണ് വാക്‌സിൻ എടുത്തത്.

ഇതു സംബന്ധിച്ച് പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വാക്സിൻ നൽകാൻ തയ്യാറാണ്.

ഡോ.എം.ജി ശിവദാസ്,നോഡൽ ഓഫീസർ