ബണ്ട് മത്സ്യസമ്പത്തിന് വൻ ഭീഷണി
കൊച്ചി: വടുതല ബണ്ട് വിഷയത്തിൽ പഠനങ്ങളും പരിശോധനകളും റിപ്പോർട്ട് തയ്യാറാക്കലും പുരോഗമിക്കുന്നതിനിടെ കോടതിയിൽ നിലവിലുള്ള കേസിൽ പ്രദേശത്തെ വ്യക്തികളും സംഘടനകളും കക്ഷിചേരും. സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ തങ്ങളുടെ വാദങ്ങളും കോടതിയിൽ അവതരിപ്പിക്കുന്നതിനായാണ് ഇവരുടെ നീക്കം. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കുമ്പോൾ
പിഴല സ്വദേശി ഫ്രാൻസിസ് ഡൈനിഷും അപേക്ഷ സമർപ്പിക്കും.
മത്സ്യസമ്പത്തിനെ തകർക്കുന്നു
റെയിൽപ്പാലം നിർമ്മിക്കാനായി പത്തുവർഷം മുമ്പ് പണിത ബണ്ടും ഇതിലെ നിർമ്മാണ അവശിഷ്ടങ്ങളും ഇത്രയും കാലമായിട്ടും നീക്കാത്തതിനാൽ കൊച്ചി കാനലിലെ മത്സ്യസമ്പത്തിനുണ്ടാക്കിയ ദോഷം ചെറുതല്ല.
വിവിധ മേഖലകളിലെ നിരവധി ഫാക്ടറികളിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് പെരിയാറിലേക്കാണ്. ബണ്ടുമൂലം ഒഴുക്കുനിലച്ചതിനാൽ മാലിന്യങ്ങൾ ഇവിടങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ട്.ഇത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുൻപുണ്ടായിരുന്നത്ര മത്സ്യവൈവിദ്ധ്യം ഇപ്പോൾ ഈ പ്രദേശത്തില്ല. ഇനിയും ബണ്ട് നീക്കിയില്ലെങ്കിൽ കായലിൽ മത്സ്യം ഇല്ലാത്ത അവസ്ഥപോലും ഉണ്ടാകാം.
വെള്ളിയാഴ്ച നിർണായകം
വെള്ളിയാഴ്ച ഹൈക്കോടതി ബണ്ട് കേസ് പരിഗണിക്കുന്നുണ്ട്. ജലവിഭവ വകുപ്പ് രണ്ടാം വട്ട പരിശോധനയ്ക്ക് ശേഷം സമർപ്പിച്ച വിശദമായ റിപ്പോർട്ടും റെയിൽവേയുടെ റിപ്പോർട്ടും കോടതി പരിഗണിക്കും.
ജനങ്ങൾക്ക് പറയാനുള്ളത് കോടതിയെ അറിയിക്കാനാണ് കേസിൽ കക്ഷി ചേരുന്നത്. ഇക്കാര്യത്തിൽ ഏതറ്റംവരെ പോകാനും തയാറാണ്.
ഫ്രാൻസിസ് ഡൈനിഷ്, കരമുട്ടി സമരസമിതി.