pvs

20 വീടുകൾ തകർന്നു

400 ലധികം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു

ഏക്കർകണക്കിന് കൃഷിനാശം സംഭവിച്ചു.

മരം വീണ് എറണാകുളം തേക്കടി റോഡിലടക്കം ഗതാഗതം മണിക്കൂറുകളോളം തടസപെട്ടു

കോലഞ്ചേരി: കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റിൽ കോടികളുടെ നാശ നഷ്ടം. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയാണ് മഴയില്ലാതെ കാറ്റ് വീശിയത്. അഞ്ചു മിനിറ്റ് നീണ്ടു നിന്ന കാറ്റ് കടന്നു പോയ വഴികളിലാണ് നാശ നഷ്ടമുണ്ടാക്കിയത്. മഴുവന്നൂരിലെ മംഗലത്തുനട, മഴുവന്നൂർ, നെല്ലാട്, വീട്ടൂർ, വലമ്പൂരിലും, കുന്നത്തുനാട് പഞ്ചായത്തിലെ കോലാംകുടി, അത്താണി മേഖലകളിലുമാണ് കാറ്റ് വ്യാപക നാശം വിതച്ചത്. മഴുവന്നൂർ മുല്ലശേരിൽ എം.പി. സാബു, എം.പി.യാക്കോബ്, കൂറ്റാലിൽ മേരി ജോസ്, പുന്നാശേരിൽ ജോൺസൺ, ചിറക്കൽപുത്തൻപുര ചുമ്മാർ, നെല്ലാട് മേപ്പുറത്ത് സുരേഷ്, കുന്നേൽ കുഞ്ഞുമോൻ, കുട്ടിലിങ്കിൽ സാബു, മുല്ലശേരി കുട്ടൻ, ഉപ്പുമറ്റത്തിൽ ഒ.എൻ. മണിയൻ, വീട്ടൂർ ഐരുമലയിൽ ലാൽജി, ബാലാജി ഐരുമലയിൽ, സരസ്വതിവിലാസം രജനീകാന്ത്, തുമ്പശേരിക്കുടി ദിലീപ്, കോലാംകുടി നെടുവന്താനത്ത് മോഹനൻ, സതീഷ്. വിനോദ്, മൈലാട്ടുമോളേൽ സുമോദ്, മൈലാട്ടുമോളേയൽ ഓമന, ചേന്ദക്കോട്ടിൽ രാമകൃഷ്ണൻ, മംഗലത്ത്നട രാഹുൽ എന്നിവരുടെ വീടുകൾ തകർന്നു. ചിറ്റേത്ത് സാജുവിന്റെ 142 ജാതി, കോടിയാട്ടിൽ മറിയാമ്മയുടെ 400 റബർ, കോലാംകുടി ജോൺ കണ്ടനാലിയുടെ 150 റബർ, മറ്റപ്പിള്ളിൽ വിനയന്റെ 50 ജാതി, വീട്ടൂർ നെടുമാരിയിൽ പൗലോസിന്റെ 60 റബർ എന്നിവ കാറ്റിൽ ഒടിഞ്ഞ് വീണു. കുന്നത്തുകുടി എൽദോ സ്കറിയ, കൊള്ളിനാൽ കെ.പി.വർഗീസ്, കെ.പി.ബേബി, പുന്നാശേരി പി.ഇ. യാക്കോബ്, , കൂറ്റാലിൽ ദാനിയേൽ, പുന്നാശേരിൽ ജോൺസൺ, ബേബി, പി.ഒ. ഐസക്ക്, പി.ഇ. പൗലോസ്, പി.ഇ. ഐസക്ക്, ഫാ. ഐസക്ക് പുന്നാശേരി, എന്നിവരുടെ വാഴ, ജാതി, റബർ കൃഷികൾക്ക് വ്യാപക നാശമുണ്ടായി. തേക്ക്,മാവ്, പ്ളാവ് തുടങ്ങിയ നിരവധി വൻമരങ്ങളും കാറ്റിൽ നിലം പൊത്തി. ഇല്ക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞും, കമ്പികൾ പൊട്ടിയതിനെയും തുടർന്ന് വൈദ്യുത ബന്ധം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. പട്ടിമറ്റം, മൂവാറ്റുപുഴ ഫയർ ഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് റോഡിൽ വീണ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, ഡെപ്യൂട്ടി തഹസിൽദാർ പി.ആർ. അഭിലാഷ്,എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇപ്പരത്തി,വില്ലേജ് ഓഫീസർ എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബി. ദേവദർശനൻ, കെ.എസ്. അരുൺകുമാർ എന്നിവരും ഒപ്പമുണ്ടായി. നാശനഷ്ടമുണ്ടായവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.