അങ്കമാലി: കനത്തമഴയിലും കാറ്റിലും തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ മേഖലയിലും ദേവഗിരി, വാതക്കാട് ഭാഗത്തും വ്യാപകമായ നാശനഷ്ടം. ഇന്നലെ പുലർച്ചെ ആഞ്ഞടിച്ച കാറ്റിൽ നൂറുകണക്കിന് ജാതിമരങ്ങൾ കടപുഴകി. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കമ്പികൾ പലേടത്തും പൊട്ടി വീണതോടെ വൈദ്യുതിബന്ധം നിലച്ചു.
വടക്കെ കിടങ്ങൂരിൽ പൈനാടത്ത് ബെന്നി, പനഞ്ചിക്കൻ രാജു, വരേക്കുടി അശോകൻ, പനഞ്ചിക്കൽ രാജപ്പൻ എന്നിവരുടേയും സെന്റ് അൽഫോൺസ് സ്‌കൂൾ വളപ്പിലേയും ജാതി മരങ്ങളാണ് മറിഞ്ഞത്. വരേക്കുളത്ത് വിത്സന്റെ പുരയിടത്തിലേക്ക് ജാതി മറിഞ്ഞ് വീടിന് കേടുപാടുകൾ സംഭവിച്ചു. തെങ്ങ് വീണ് പാറേക്കാട്ടിൽ അനൂപിന്റെ മതിൽ തകർന്നു. വാതക്കാട് ആലുങ്ങൽ പൗലോസിന്റെ വീടിന്റെ മേൽക്കൂര തകർന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, അംഗങ്ങളായ ജെസി ജോയി, ഷിബു പൈനാടത്ത്, വില്ലേജ് ഓഫീസർ ഫിമി ആന്റണി, കൃഷി ഓഫീസർ വി. കാർത്തിക എന്നിവർ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു.