palam
തുതിയൂർ - ഏരൂർ ഇരുമ്പുപാലം

തൃക്കാക്കര: 15 ലക്ഷം രൂപമുടക്കി നിർമ്മിച്ച തുതിയൂർ - ഏരൂർ ഇരുമ്പുപാലം കാലപ്പഴക്കത്താൽ ദ്രവിച്ച് അപകടഭീഷണി ഉയർത്തിനിൽക്കുന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പാലം. ഒരുവർഷംമുമ്പുവരെ ഇരുചക്രവാഹനങ്ങൾ മാത്രമാണ് പാലത്തിലൂടെ പോയിരുന്നത്. ഇരുമ്പുഷീറ്റുകളും കൈവരികളും ദ്രവിച്ചതോടെ കാൽനടയാത്രപോലും നിലവിൽ അസാദ്ധ്യമായി. തുതിയൂരിൽ നിന്ന് എരൂർ ഭാഗത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ ചിത്രപ്പുഴയുടെ കുറുകെ വർഷങ്ങൾക്ക് മുമ്പ്‌ നിർമ്മിച്ച വെട്ടുവേലിപ്പാലമെന്നറിയപ്പെടുന്ന പാലത്തിനാണ് ഈ ദുർഗതി. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ കാൽ ഷീറ്റിനിടയിൽപ്പെട്ട് അപകടമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

തുതിയൂരിൽനിന്ന് വൈറ്റില ഹബ്ബിലേക്ക് ഈ പാലംവഴി 3.5 കിലോമീറ്റർ മാത്രമാണ് ദൂരം. നിലവിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകുടിയാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. പുഴയുടെ സമീപത്തുകൂടി എട്ടുമീറ്ററർ വീതിയിൽ തീരദേശ റോഡിനായി സ്ഥലം ഉണ്ടെങ്കിലും അതൊക്കെ കാടുകയറിയ നിലയിലാണ്.


# പുതിയ പാലം പണി ഉടനെ
പി.ടി. തോമസ് എം.എൽ.എ മുൻകൈയെടുത്ത് തുതിയൂരിൽ നിന്ന് പുതിയ പാലം നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. അതിന്റെ ഭാഗമായി മണ്ണ് പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. നിലവിലെ പാലത്തിന് തെക്ക് വശത്തുകൂടിയാണ് പുതിയപാലം വരുന്നത്. സ്ഥലം വിട്ടുകിട്ടാൻ മംഗലപ്പുഴ സെമിനാരിയുമായി ചർച്ച നടത്തിയിരുന്നു. റോഡിന് സ്ഥലം വിട്ടുകിട്ടാത്തതിനാലാണ് വെട്ടുവേലിപ്പാലം പുനർനിർമ്മാണത്തിന് കാലതാമസം വന്നത്.
തുതിയൂർ ഭാഗത്ത് മംഗലപ്പുഴ സെമിനാരിയുടെ സ്ഥലത്തുകൂടിയും ഏരൂർ ഭാഗത്ത് കാസിനോയുടെ സ്ഥലത്തുകൂടിയുമാണ് പ്രദേശവാസികൾ നടക്കുന്നത്.

രാധാമണി പിള്ള,
വാർഡ് കൗൺസിലർ

# നഗരസഭ ജനങ്ങളുടെ ജീവൻവച്ച് കളിക്കുന്നു
എം.എൽ.എയും തൃക്കാക്കര നഗരസഭയും ജനങ്ങളുടെ ജീവൻ വച്ചുകളിക്കുകയാണ്. തുതിയൂർ - ഏരൂർ ഇരുമ്പുപാലം എത്രയുംവേഗം നവീകരിക്കുകയോ പുതിയ പാലം നിർമ്മിക്കുകയോ ചെയ്യണം. തൃക്കാക്കരയിൽ ഏറ്റവും കൂടുതൽ യാത്രക്ലേശം നേരിടുന്ന പ്രദേശമാണ് തുതിയൂർ. തൃപ്പൂണിത്തുറ, വൈറ്റില ഹബ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ ഏതാണ് സാധിക്കുന്ന റോഡും പാലവുമാണ് അധികൃതരുടെ അനാസ്ഥമൂലം ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്നത്.

ബിനുമോൻ സി.കെ
ബി.ജെ.പി തൃക്കാക്കര മുനിസിപ്പൽ ജനറൽ സെക്രട്ടറി