മന്ത്രി അദ്വൈതാശ്രമം സന്ദർശിച്ചു
ആലുവ: സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളെയും ചരിത്രസ്മാരകങ്ങളെയും ബന്ധപ്പെടുത്തി ബൃഹത്തായ ടൂറിസം പദ്ധതിക്ക് രൂപം നൽകുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ആലുവ അദ്വൈതാശ്രമം സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് ടൂറിസം പദ്ധതി പോലെ മറ്റ് പ്രദേശങ്ങളിലും ജഗതാഗതവുമായി ചരിത്രസ്മാരകങ്ങളെ ബന്ധപ്പെടുത്തും. ഇതിന്റെ ഭാഗമായാണ് എല്ലാ ചരിത്ര സ്മാരകങ്ങളും സന്ദർശിച്ച് വിശദമായ പഠനം നടത്തുന്നത്. കേരളത്തിലെ കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറുമുഖങ്ങളെ ബന്ധപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ പരിശോധിച്ച് വരികയാണ്. ജലഗതാഗതം ശക്തിപ്പെടുത്തിയാൽ അന്തരീക്ഷമലിനീകരണവും ഗതാഗതകുരുക്കും കുറയ്‌ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അദ്വൈതാശ്രമത്തിലെത്തിയ മന്ത്രിയെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗുരുമണ്ഡപത്തിലെത്തി വണങ്ങിയ ശേഷമാണ് മടങ്ങിയത്. ജില്ലയിലെ ഐ.എൻ.എൽ നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.