മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ ഇ. ഇ.സി മാർക്കറ്റ് - കീച്ചേരിപടി ബൈപാസ് റോഡിൽ മാസങ്ങൾക്ക് മുമ്പ് രൂപപെട്ട വൻ ഗർത്തം അപകടകെണിയാകുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി റോഡിൽ അപകടമുന്നറിപ്പ് സൂചിപ്പിച്ച് നാട്ടുകാർ രംഗത്തെത്തി കൊടി നാട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലോളം അപകടങ്ങൾ നടന്ന് നിരവധി പേർക്ക് പരിക്കേറ്റതോടെയാണ് റോഡിലെ വൻ ഗർത്തത്തിൽ മുന്നറിയിപ്പ് സംവിധാനം നാട്ടുകാർ ഒരുക്കിയത്.
ഹനുമാൻ കോവിലിനു സമീപത്തെ വളവിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. ഇതിലൂടെ കടന്നുപോകുന്ന കുടി വെള്ള പൈപ്പ് പൊട്ടിയാണ് വൻ ഗർത്തം രൂപപെട്ടത്. കുഴി മണ്ണിട്ടുമൂടിയങ്കിലും വാഹനങ്ങൾ കടന്നുപോകുന്നതോടെ വീണ്ടും ഗർത്തം രൂപപ്പെടുകയാണ്.
മഴയാരംഭിച്ചതോടെ കുഴി വീണ്ടും വലുതായതാണ് ഇപ്പോഴത്തെ അപകടങ്ങൾക്ക് കാരണം. റോഡിലെ വളവിൽ സ്ഥിതി ചെയ്യുന്ന കുഴി ഇരു ചക്ര വാഹനയാത്രക്കാർക്ക് കാണാനാവില്ല .സന്ധ്യയാകുന്നതോടെ വെളിച്ച കുറവും പ്രശ്നമാണ്.കഴിഞ്ഞ ദിവസങ്ങളിൽ ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ വീണ് എട്ട് പേർക്കാണ് പരിക്കേറ്റത്.കുഴി കോൺക്രീറ്റ് ചെയ്ത് അടക്കണമെന്ന ആവശ്യമുയർന്നങ്കിലും അധികൃതർ തയ്യാറാകുന്നില്ല .
നഗരസഭയും പൊതുമരാമത്ത് വകുപ്പം തമ്മിൽ റോഡ് ആരുടെത് എന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന ഇവിടെ ആര് അറ്റകുറ്റപണി നടത്തുമെന്നതും പ്രശ്നമാണ്. ആരായാലും പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭാഗികമായി കുഴി അടച്ച് വാട്ടർ അതോറിറ്റി
മാസങ്ങൾക്കു മുമ്പ് കുഴിയിൽ തടി ലോറിയുടെ പിൻ ചക്രം താഴ്ന്നു പോകുകയും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് കോൺക്രീറ്റ് ചെയ്തു കുഴി മൂടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പു നൽകിയെങ്കിലും ഭാഗികമായെ അടച്ചുള്ളൂ.