കുറുപ്പംപടി: അശമന്നൂരിലെ ഓടക്കാലി നാഗേഞ്ചേരി റോഡ് സഞ്ചാരയോഗ്യമല്ലാതായി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. അധികൃതരാരും തിരിഞ്ഞുനോക്കാതായതോടെ റോഡ് പൂർണമായും പൊട്ടി പൊളിഞ്ഞ അവസ്ഥയിലായി. പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ഓടക്കാലി നാഗഞ്ചേരി റോഡിൽ ഓടക്കാലി സ്കൂൾ മുതൽ മണ്ണൂർമോളം വരേയുള്ള ഭാഗങ്ങളിൽ കാലപ്പഴക്കം കൊണ്ടും അമിത ഭാരവാഹനങ്ങൾ ഓടിയത് മൂലവുമാണ് തകർന്നിരിക്കുന്നത്. മഴക്കാലമായതോടെ വലിയ കുഴികൾ രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. നിരവധി മരവ്യവസായ യൂണീറ്റുകൾ പ്രവർത്തിക്കുന്നതിനാൽ തടിലോറിയും കണ്ടൈനർ ലോറിയും സ്ഥിരമായി വന്നുപോകുന്നതാണ് റോഡ് തകർച്ചയ്ക്ക് കാരണമായത്. ഓടക്കാലിയിൽ നിന്ന് പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ അതിർത്തി ഭാഗമായ മണ്ണൂർമോളം വരേയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ പുതുക്കി നിർമ്മിക്കുമെന്നാണ് നാട്ടുകാരുടെ ആവശ്യം. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ടി അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകണം അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡായതിനാൽ പഞ്ചായത്ത് അധികൃതർക്ക് യാതൊന്നും ചെയ്യാൻസാധ്യമല്ല. എം.എൽ.എ ഈ വിവരം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അനുകൂല നിലപാടുകൾ എടുക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്.
എം.എം ഷൗക്കത്തലി,അശമന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ,കോൺഗ്രസ്
നിലവിൽ റോഡിലെ കുഴികളെല്ലാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മണ്ണിട്ടും മറ്റും നിരത്തി സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് എത്രയും വേഗം ഇടപെട്ട് ഈ റോഡ് ടാറിംഗ് നടേത്തേണ്ടതാണ് .
ഗീതാ രാജീവ്,ഏഴാം വാർഡ് മെമ്പർ
കഴിഞ്ഞ തവണ കുറച്ച് ഭാഗം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാച്ച് വർക്ക് ജോലികൾ ചെയ്തിരുന്നു. അതിനുശേഷം യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. എത്രയും വേഗം സഞ്ചാരയോഗ്യമാകേണ്ടതാണ്.
സുബൈദപരീദ്, ആറാം വാർഡ് മെമ്പർ