പറവൂർ: നഗരത്തിലെ ടൗൺ ഗവ. എൽ.പി.ജി സ്കൂളിൽ മോഷണം. ഓഫീസ് മുറിയുടെ വാതിൽ പൊളിച്ച് കയറിയ മോഷ്ടാവ് അഞ്ച് അലമാരകൾ കുത്തിത്തുറന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ, മൂന്നു മൈക്രോഫോൺ,ര ണ്ട് സ്പീക്കർ, പിച്ചള ബെൽ എന്നിവ നഷ്ടമായി. സ്കൂൾ വാഹനത്തിന്റെ താക്കോൽ അലമാരയുടെ ലോക്കർ കുത്തിപ്പൊളിച്ച് എടുത്തശേഷം വാഹനം തുറന്ന് അതിന്റെ ബാറ്ററി കൊണ്ടുപോയി. വായനശാല കുത്തിത്തുറന്ന് പുസ്തകങ്ങൾ തീയിട്ടു നശിപ്പിച്ചു. അടുക്കളയും എല്ലാ ക്ലാസ് മുറികളും കുത്തിത്തുറന്നിട്ടുണ്ട്. അടുക്കളയുടെ ജനൽച്ചില്ല് തകർത്തു. സാനിറ്റൈസറും സോപ്പ് കലർത്തിയ ലായനിയും എല്ലാ മുറികളിലും ഒഴിച്ചിട്ടുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ ആകാം മോഷണം നടന്നത് എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. റോഡിനോട് ചേർന്നുള്ള ഓഫീസ് മുറിയുടെ ജനലുകൾ കർട്ടനും ഫ്ലെക്സും ഉപയോഗിച്ച് മറച്ചശേഷമാണ് മോഷണം നടത്തിയത്. കർട്ടനും ഫ്ലെക്സും വിദ്യാലയത്തിൽ ഉപേക്ഷിച്ചു. 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീജിത്ത് അശോക് പറഞ്ഞു. പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.