പെരുമ്പാവൂർ: മുൻകൂട്ടി ബുക്ക് ചെയ്ത് വാക്‌സിനേഷൻ എടുക്കാനെത്തിയവരെ വട്ടം കറക്കി അശമന്നൂർ പഞ്ചായത്ത്. ഇന്നലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയങ്ങളിൽ എത്തി വാക്‌സിനേഷൻ എടുക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് മറ്റൊരിടത്തേക്ക് മാറ്റിയത് വാക്‌സിനേഷൻ എടുക്കാൻ എത്തിയവർ വലച്ചു. വൈദ്യുതിതടസം പരിഹരിച്ചെങ്കിലും എല്ലാവരെയും നിർബന്ധിച്ച് ഓടക്കാലി വി.എച്ച്.എസ്.ഇയിലേക്ക് അയക്കുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്കിന്റെ നേതൃത്വത്തിലാണ് യാതൊരു മുൻധാരണയുമില്ലാതെ വാക്‌സിനേഷൻ ക്യാമ്പ് നടത്തിയത്. ആരോഗ്യവിഭാഗത്തിലെ ചില ജീവനക്കാരെ കൂട്ടുപിടിച്ച് നടത്തിയ വാക്‌സിനേഷൻ സെന്ററിൽ നൂറോളം പേർ ഇതോടെ ക്യൂ പാലിച്ച് നിൽക്കേണ്ട അവസ്ഥയിലായി.അതിനിടെ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പരസ്യമായ നിയമലംഘനങ്ങൾ നടത്തുന്നത് മാധ്യമങ്ങളിൽ വാർത്തയായി വന്നിട്ടും പാർട്ടി നേതൃത്വം ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയമുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ പാർട്ടിപ്രവർത്തകർക്കും തന്നിഷ്ടക്കാർക്കും വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ നൽകുകയാണെന്നും ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുമുളള നീക്കത്തിലാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.