# ഭൂഗർഭ പൈപ്പ് മാറ്റാൻ പണം അനുവദിക്കാതെ പഞ്ചായത്ത് ഭരണസമിതി
ആലുവ: തകർന്ന് തരിപ്പണമായി കിടക്കുന്ന എടത്തല പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുഴിവേലിപ്പടി - വെട്ടിക്കുഴ പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപ്പണി അടിയന്തരമായി തുടങ്ങും. അൻവർ സാദത്ത് എം.എൽ.എ വിളിച്ചുചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ യോഗത്തിൽനിന്ന് വിട്ടുനിന്നു.
2019ൽ റോഡ് നവീകരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും 73 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തെങ്കിലും കാലപ്പഴക്കം ചെന്ന ഭൂഗർഭ കുടിവെള്ളപൈപ്പ് മാറ്റാതെ റോഡ് ടാറിംഗ് നടത്തുന്നതിനെ നാട്ടുകാർ എതിർത്തതോടെ തുടർനടപടികൾ മുടങ്ങുകയായിരുന്നു. ഇതേത്തുടർന്ന് പൈപ്പുമാറ്റാൻ 30 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് വാട്ടർ അതോറിട്ടി തയ്യാറാക്കിയെങ്കിലും പണം നൽകാൻ പഞ്ചായത്ത് നടപടിയെടുത്തില്ല. തുടർന്നാണ് വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ എം.എൽ.എ മുൻകൈയെടുത്ത് പി.ഡബ്ല്യു.ഡി, വാട്ടർ അതോറിട്ടി, പഞ്ചായത്ത് പ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ യോഗംവിളിച്ചത്.
സ്ഥിരംപൊട്ടുന്ന പൈപ്പുകൾ മാറ്റുന്നതിന് 2014ൽ പഞ്ചായത്ത് പണംനൽകി പൈപ്പ് ഇറക്കിയെങ്കിലും പിന്നീട് വന്ന ഭരണസമിതി താത്പര്യപ്പെടാതിരുന്നതിനാൽ പദ്ധതി മുടങ്ങുകയായിരുന്നു. നിലവിൽ പി.ഡബ്ല്യു.ഡി ടെൻഡർ നൽകിയിരിക്കുന്ന 73 ലക്ഷം രൂപയുടെ റീ ടാറിംഗ് പണി പൂർത്തീകരിക്കാനും തുടർന്ന് പൈപ്പ് മാറ്റിയശേഷം രാജ്യാന്തര നിലവാരമുള്ള ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്താനുമാണ് തീരുമാനം. പൈപ്പ് മാറ്റാനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭ്യമാക്കാൻ എം.എൽ.എ നടപടിയെടുക്കും.