കൊച്ചി: തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊച്ചി തുറമുഖം സന്ദർശിച്ചു. തീരദേശ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥരോടൊപ്പമുള്ള സന്ദർശനം.

ലക്ഷദ്വീപി​ലേക്ക് ബാർജ് സർവീസ്, കൊല്ലം - അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് റോ - റോ സർവീസ് തുടങ്ങി​യവ ചർച്ചാവി​ഷയമായി​.

വിഴിഞ്ഞം തുറമുഖം രാജ്യാന്തര കവാടമാകുന്നതോടെ കൊച്ചി ഉൾപ്പെടെയുള്ള കേരളത്തിലെ തുറമുഖങ്ങൾ ബന്ധിപ്പിച്ച് ചരക്കുനീക്കം നടത്തുന്നതിനുള്ള പദ്ധതികൾ കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ആലോചിക്കും. കോസ്റ്റൽ ഷിപ്പിംഗ് ഇൻസെന്റീവ് സ്കീമിന് സഹായം ലഭ്യമാക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തോട് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ശുപാർശ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു .

യോഗത്തിൽ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന, ഡെപ്യൂട്ടി ചെയർമാൻ സിറിൾ സി. ജോർജ്, ട്രാൻസ്പോർട്ട് മാനേജർ വിപിൻ ആർ. മേനോത്ത്, കേരള മാരിടൈം ബോർഡ് ചെയർമാൻ സി.ഇ.ഒ ടി.പി. സലിംകുമാർ, കൊച്ചിൻ സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രതിനിധികളായ കൃഷ്ണകുമാർ, പ്രകാശ് അയ്യർ, കൊച്ചിൻ കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രതിനിധി ബെന്നി ഫ്രാൻസിസ്, ഡി.പി വേൾഡ് ജനറൽ മാനേജർ ഡിപിൻ കയ്യത്ത് തുടങ്ങിയവർ പങ്കെടുത്തു.