ai

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്ത സംവിധായിക അയിഷ സുൽത്താന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തയച്ചു. 'ജൈവായുധ' പരാമർശം ആളുകൾ വളച്ച് ഒടിക്കുകയായിരുന്നെന്നും അത് അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തന രീതി താരതമ്യം ചെയ്യാൻ മാത്രമായിരുന്നെന്നും അല്ലാതെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആയിരുന്നില്ലെന്നും കാണിച്ചാണ് പരാതി നൽകിയത്.

ലോക്ക്ഡൗണിൽ ഇളവ്

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകി ഭരണകൂടം ഉത്തരവിറക്കി. കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണിത്. ശനി, ഞായർ ദിവസങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂ. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാം. രാത്രി കാല നിയന്ത്രണം രാത്രി 8 മുതൽ രാവിലെ 6 വരെയാക്കി. മത്സ്യബന്ധനവും മറ്റ് വികസന പ്രവർത്തനങ്ങളും നടത്താം. മറ്റു നിയന്ത്രണങ്ങൾ പഴയതുപോലെ തുടരും.

തൊഴിലാളികളുടെ വിവരശേഖരണം

കവരത്തിയിൽ ജോലി ചെയ്യുന്ന എല്ലാ അന്യദേശ തൊഴിലാളികളും 16ന് മുമ്പ് എംപ്ലോയ്മെന്റ് ആൻഡ് ലേബർ ഓഫീസിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി.