വൈപ്പിൻ: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞത് എത്രയുംവേഗം സർക്കാർ നടപ്പിലാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ആവശ്യപ്പെട്ടു. കെ.പി.എം.എസ്.വൈപ്പിൻ യൂണിയൻ സംഘടിപ്പിച്ച കെ.വി. ജോഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തമാസം കാലാവധി അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ് ലിസ്റ്റ് ഉൾപ്പെടെയുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, ഡിപ്പാർട്ടുമെന്റുകൾക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കർശനനിർദേശം നൽകുക, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ അടിയന്തരമായി നിയമന ഉത്തരവുകൾ നൽകാൻ ഡിപ്പാർട്ട്മെന്റ് മേധാവികൾക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് വി.കെ. ബാബു, സെക്രട്ടറി എൻ.ജി. രതീഷ്, എം.എ. വാസു, സി.ബി. ജയൻ, സി.എ. ശശി, കെ.കെ. രവീന്ദ്രൻ, വി.കെ. ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു.