വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിൽ നിലവിലുള്ള കേന്ദ്രത്തിന് പുറമെ ഒരു വാക്‌സിനേഷൻകേന്ദ്രം കൂടി അനുവദിക്കണമെന്ന് സി.പി.എം ചെറായി അഴീക്കോടൻ ബ്രാഞ്ച് ആവശ്യപ്പെട്ടു. എളങ്കുന്നപ്പുഴ പഞ്ചായത്തിൽ മാലിപ്പുറം സി.എച്ച്.സിയിലും പുതുവൈപ്പ് പി.എച്ച്.സിയിലും വാക്‌സിനേഷൻ നടക്കുന്നതിനാൽ 60 വയസ് കഴിഞ്ഞ ഭൂരിപക്ഷംപേർക്കും വാക്‌സിനേഷൻ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പള്ളിപ്പുറം പഞ്ചായത്തിൽ മുനമ്പം പി.എച്ച്.സി മാത്രമാണുള്ളത്. പഞ്ചായത്തിലെ 60 വയസ് കഴിഞ്ഞ 70 ശതമാനംപേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിനേഷൻ നടത്താൻ കഴിഞ്ഞിട്ടുള്ളത്. ഇന്നത്തെ രീതിയിൽ മുന്നോട്ടുപോയാൽ ആഗസ്റ്റ് മാസം അവസാനിക്കുമ്പോഴും മുഴുവൻപേർക്കും വാക്‌സിനേഷൻ കൊടുക്കാൻ കഴിയില്ല. ആഗസ്റ്റ് മാസത്തോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന ഐ.സി.എം.ആർ നൽകുന്ന മുന്നറിയിപ്പ് പരിഗണിച്ച് പഞ്ചായത്തിൽ ഒരു വാക്‌സിനേഷൻകേന്ദ്രംകൂടി അനുവദിക്കണമെന്നാണ് ആവശ്യം.