പറവൂർ: പറവൂർ താലൂക്കിലെ കോട്ടുവള്ളി, ആലങ്ങാട്, കരുമാല്ലൂർ പ്രദേശത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ വൻനാശം. രണ്ടു വീടുകൾ പൂർണമായും തകർന്നു. അമ്പതോളം വീടുകൾക്ക് കേടുപാടുണ്ടായി. വാഴകളും വ്യാപകമായി ഒടിഞ്ഞുവീണു. നൂറ് കണക്കിന് മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് റോഡുകളിൽ തടസമുണ്ടായി. പലേടത്തും വൈദ്യുതി കമ്പികൾ പൊട്ടി.
ആലങ്ങാട്, കോട്ടുവള്ളി വില്ലേജ് പ്രദേശങ്ങളിലാണ് ഏറിയ പങ്കും നാശമുണ്ടായത്. ആലങ്ങാട് പഞ്ചായത്തിൽ 1, 2, 3, 4, 12 വാർഡുകളിലും കോട്ടുവള്ളി പഞ്ചായത്തിലെ 4, 8, 9 വാർഡുകളിലും തത്തപ്പിള്ളി, വള്ളുവള്ളി, പന്നക്കാട്, കുട്ടൻതുരുത്ത് മേഖലയിലുമാണ് ചുഴിലിക്കാറ്റടിച്ചത്. തത്തപ്പിള്ളി എസ്.എൻ.ഡി.പി ശാഖായോഗം ഓഫീസ്, നീറിക്കോട് സെന്റ് ജോസഫ് ദേവാലായം, സെന്റ്. സെബാസ്റ്റ്യൻ ദേവാലായം എന്നിവടങ്ങളിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും നാശനഷ്ടമുണ്ടായി. കാക്കനാട്ട് പറമ്പ് ക്ഷേത്രത്തിന് സമീപം ആശാരുപടി ബിനീഷിന്റെ വീട് ചുഴിലിക്കാറ്റിൽ നശിച്ചു. കാർഷിക വിളകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കും നാശമുണ്ടായി. പല വീടുകളുടേയും ഷീറ്റ് കൊണ്ടു പണിത മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. കരുമാല്ലൂർ പഞ്ചായത്തിൽ17-ാം വാർഡ് തൈത്തറ ഭാഗത്താണ് കനത്ത നാശമുണ്ടായത്. ഇവിടെ ചീനവലകൾ കാറ്റിൽ തകർന്നു. കച്ചവട സ്ഥാപനങ്ങൾക്കും നാശം സംഭവിച്ചു.
ആലങ്ങാട് വില്ലേജിലെ കൊടുവഴങ്ങ , പാനായിക്കുളം, നീറിക്കോട്, ചിറയം, കരിങ്ങാംതുരുത്ത് എന്നിവടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ നിലം പൊത്തി. ലൈനുകൾ പലേടത്തും പൊട്ടിക്കിടക്കുകയാണ്. ആലുവ - വരാപ്പുഴ റൂട്ടിൽ നീറിക്കോട് അര കിലോമീറ്ററോളം റോഡിന് കുറുകെ മരം വീണ് കിടന്നതിനാൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 3.50 ഓടെ ആഞ്ഞുവീശിയ കാറ്റാണ് നാശം വിതച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വീണ മരങ്ങൾ മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.
പറവർ തഹസിൽദാർ ജി. വിനോദ്കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.ജെ. ജോസഫ്, സംഗീത്, വില്ലേജ് ഓഫീസർമാർ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി തുടങ്ങിയവരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
തത്തപ്പിള്ളിയിൽ എസ്.എൻ.ഡി.പിയോഗം നേതാക്കൾ സന്ദർശിച്ചു
ചുഴിക്കാറ്റിൽ വ്യാപമായി നാശംവിതച്ച തത്തപ്പിള്ളി പ്രദേശങ്ങൾ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ, ശാഖായോഗം ഭാരവാഹികൾ സന്ദർശിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയന്റെ നിർദേശ പ്രകാരം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. നാശനഷ്ടം സംഭവിച്ച വീടുകളും സന്ദർശിച്ചു. ശാഖാ മന്ദിരത്തിന് മുകളിൽ മരംവീണുകേടുപാട് സംഭവിക്കുകയും ഷീറ്റുകൾ പറന്നുപോകുകയും ചെയ്തിട്ടുണ്ട്.